24 ദലിതുകളെ കൂട്ടക്കൊല ചെയ്ത ദിഹുലി സംഭവം: 44 വർഷത്തിന് മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി
ദില്ലി: 1981-ൽ ദിഹുലിയിൽ 24 ദലിതരെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർക്ക് വധശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ മെയിന്‍പുരി പ്രത്യേക കോടതി. 70 വയസ്സുള്ള മൂന്ന് പ്രതികളായ കപ്താൻ സിംഗ്, രാംസേവക്, രാംപാൽ സിംഗ് എന്നിവരെയാണ് ശിക്ഷിച്ചത്. സ്ത്രീകളും ആറ് മാസവും രണ്ട് വയസ്സും പ്രായമുള്ള രണ്ട് കുട്ടികളും ഉൾപ്പെടെ 24 ദലിതരെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. അന്ന് മെയിൻപുരി ജില്ലയിലും ഇപ്പോൾ ഫിറോസാബാദിലുമുള്ള ദിഹുലിയിലായിരുന്നു കൂട്ടക്കൊല.
ഉയർന്ന ജാതിക്കാരായ കുറ്റവാളികൾക്കെതിരെ മൊഴി നൽകിയ ദലിത് സാക്ഷികളെ ശിക്ഷിക്കുന്നതിനാണ് ആസൂത്രണം ചെയ്തതെന്നാണ് കേസ്. 1981 നവംബർ 18ന് വൈകുന്നേരം 4.30 ഓടെ പൊലീസ് യൂണിഫോം ധരിച്ച 17 പേരടങ്ങുന്ന സംഘം ദെഹുലിയിലേക്ക് ഇരച്ചുകയറി. ഠാക്കൂർ വിഭാഗത്തിൽപ്പെട്ട രാധേശ്യാം സിംഗ് എന്ന രാധേയ്, സന്തോഷ് സിംഗ് എന്ന സന്തോഷ എന്നിവരുടെ നേതൃത്വത്തിൽ ദലിത് കുടുംബത്തെ ലക്ഷ്യമിട്ട് നടത്തിയ വെടിവെപ്പിൽ 24പേരാണ് കൊല്ലപ്പെട്ടത്.
Read More.. മഹാരാഷ്ട്രയെ നടുക്കിയ നാഗ്പൂർ സംഘർഷത്തിന് കാരണം ഛാവ? സിനിമയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയും നേതാക്കളും
എഫ്‌ഐആറിൽ 17 പേർക്കെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 396 (കൊലപാതകവുമായി ബന്ധപ്പെട്ട കൊള്ള) വകുപ്പുകൾ പ്രകാരം കേസെടുത്തു. നാല് പതിറ്റാണ്ടിലേറെ നീണ്ട വിചാരണയിൽ 14 പേർ മരിച്ചു. മറ്റൊരു പ്രതിയായ ഗ്യാൻ ചന്ദ് എന്ന ഗിന്നയെ ഒളിവിൽപ്പോയതായി പ്രഖ്യാപിച്ചു.