21 വർഷം മരുഭൂമിയിൽ വിയർപ്പൊഴുക്കിയ പണത്തിനായി കാത്തിരിപ്പ്, പ്രതീക്ഷകൾ ബാക്കിയാക്കി ജാബിർ മടങ്ങുന്നു

റിയാദ്: മരുഭൂമിയിൽ വിയർപ്പൊഴുക്കിയതിന്‍റെ പ്രതിഫലം ബാക്കി കിട്ടാൻ കാത്തിരുന്നു പ്രായാധിക്യം നേരിട്ട ജാബിർക്ക ഒടുവിൽ മടങ്ങുകയാണ്, പ്രതീക്ഷകൾ ബാക്കിയാക്കി. 64ാം വയസിലും പ്രവാസിയായി തുടരേണ്ടിവന്ന കണ്ണൂർ അഴീക്കോട് സ്വദേശിയായ ജാബിറിെൻറ കഥ വലിയ സങ്കടങ്ങളുടേതാണ്. ഏഴ് വർഷം മുമ്പാണ് ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചു പൂട്ടിയത്. 

21 വർഷം അവിടെ ജോലി ചെയ്തതിന്‍റെ സർവിസ് ആനുകൂല്യങ്ങൾക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഏഴ് വർഷം പിന്നിട്ടു. കമ്പനി പൂട്ടുന്ന സമയത്ത് ഇഖാമയുടെ കാലാവധി കഴിയാറായിരുന്നു. എന്നാൽ 21 വർഷത്തെ വിയർപ്പിെൻറ ബാക്കി പ്രതിഫലം ലഭിക്കുന്നതിനായി കേസ് നൽകിയതിനാൽ, അതിൽ തീർപ്പുണ്ടായിട്ട് പോകാമെന്ന വിചാരത്താൽ പിടിച്ചുനിന്നു. ഇഖാമ തീരും മുമ്പ് കേസ് തീർപ്പായില്ല. തുടർന്ന് നാടണയാനുള്ള പ്രതീക്ഷയും അവസാനിച്ചു. ഇഖാമ പുതുക്കി നൽകാൻ കമ്പനിക്ക് കഴിയാത്ത അവസ്ഥയിലുമായി.

1997ലാണ് ജാബിർ റിയാദിൽ എത്തുന്നത്. നാട്ടിൽ ഫർണിച്ചർ മേഖലയിലെ തൊഴിലാളിയായിരുന്നു. മെച്ചപ്പെട്ട ജോലിയന്വേഷിച്ച് എത്തിയ ഇടം മോശമായിരുന്നില്ല. റിയാദിലെ അറിയപ്പെടുന്ന കമ്പനി, 1,200 ൽപരം തൊഴിലാളികൾ, തരക്കേടില്ലാത്ത ശമ്പളം, ആവശ്യത്തിന് ഓവർടൈം, കൃത്യമായ ശമ്പള വിതരണം എന്നിങ്ങനെ ശരാശരി തൊഴിലാളിക്ക് വേണ്ടതെല്ലാം കമ്പനി നൽകി. 21 വർഷത്തോളം ജോലി ചെയ്തു. 2018-ലാണ് ജാബിർ അവസാനമായി നാട്ടിൽ പോയത്. 84 വസുള്ള ഉമ്മയും ഭാര്യയും, മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. നാട്ടിൽ പോകാനാകാതെ കഴിഞ്ഞ ഏഴുവർഷവും കിട്ടുന്ന ജോലികൾ ചെയ്ത് കഴിച്ചുകൂട്ടുകയായിരുന്നു. മൂത്തമകൻ അടുത്തിടെ ജോലി കിട്ടി ദുബൈയിൽ എത്തിയതാണ് ആകെയുള്ളൊരു ആശ്വാസം. കമ്പനിയിൽ നിന്ന് ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യം ഇനിയും കിട്ടിയിട്ടില്ല. കേസ് തുടരുകയാണ്. പക്ഷേ ഇവിടെ ഇനിയും കാത്തിരിക്കാനുള്ള ത്രാണി ശരീരത്തിനും മനസിനുമില്ല. നാടണയുന്നതിനുള്ള രേഖകൾ ശരിയായതിനാൽ, കേസുമായുള്ള ബാക്കി കാര്യങ്ങൾക്ക്, ഇന്ത്യൻ എംബസി മുഖേന അടുത്ത ബന്ധുവിനെ ചുമതലപ്പെടുത്തിയാണ് മടങ്ങുന്നത്.

അവസാനമായി നാട്ടിൽപോയി മടങ്ങിയെത്തിയ സമയത്താണ് കമ്പനിയിൽ ചെറിയതോതിൽ പ്രതിസന്ധി ഉടലെടുത്തത്. മിക്ക തൊഴിലാളികളും എക്സിറ്റ് ആവശ്യപ്പെട്ടു. ആദ്യമാദ്യം തൊഴിലാളികൾക്ക് നൽകാനുള്ള സർവിസ് ബെനിഫിറ്റ് തുക നൽകികൊണ്ട് തന്നെ എക്സിറ്റ് നൽകി. പിന്നീടുള്ളവർക്ക് എക്സിറ്റ് നൽകിയെങ്കിലും ബെനിഫിറ്റ് തുക നാട്ടിലേക്ക് അയച്ചു നൽകാമെന്ന ധാരണയിൽ പറഞ്ഞുവിട്ടു. കമ്പനിയെ തൊഴിലാളികൾക്ക് വിശ്വാസമായിരുന്നു. പിന്നീട് കമ്പനി പൂർണമായും പ്രതിസന്ധിയിലായി. തൊഴിലാളികൾ ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തു. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും അവരവരുടെ എംബസികളെ ചുമതലപ്പെടുത്തി നാട്ടിലേക്ക് മടങ്ങി. ചിലർ സൗദിയുടെ പുതുക്കിയ നിയമമനുസരിച്ച് മറ്റു കമ്പനിയിലേക്ക് തൊഴിൽ മാറി.

Read Also –  വീണ്ടും നിരാശ, അബ്ദുൽ റഹീമിന്‍റെ മോചനം നീളും; കേസ് മാറ്റിവെച്ചു

കമ്പനിയുടെ പ്രതിസന്ധിക്ക് പിന്നാലെ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടു. ഇതിനിടയിൽ ഇഖാമ കാലാവധി തീർന്ന നൂറോളം പേർ ബാക്കിയായി. കേസ് തീർന്ന് കമ്പനിയിൽ നിന്നും ലഭിക്കാനുള്ള തുകയും വാങ്ങി നാടണയാനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഏഴ് വർഷമായത് അങ്ങനെയാണ്. 

കമ്പനി നൽകിയ റൂമുകളിൽ തന്നെയാണ് ഇപ്പോഴും താമസം. എംബസിയും കോടതിയും നൽകിയ രേഖകളുടെ ബലത്തിലാണ് റൂമുകളിൽ താമസിച്ചുവരുന്നത്. വെള്ളത്തിനും വൈദ്യുതിക്കും എല്ലാം തുക അടയ്ക്കുന്നതും തൊഴിലാളികൾ തന്നെ. ഇഖാമയും ഇൻഷുറൻസും ഇല്ലാത്തത് കാരണം അസുഖങ്ങൾക്ക് കൃത്യമായ ചികിത്സയും തേടുന്നില്ല. നിലവിൽ 74 തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. നാല് മലയാളികൾ അടക്കം 15 ഇന്ത്യക്കാർ, പാകിസ്താൻ, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബാക്കിയുള്ളവർ. ജാബിറിനെ കൂടാതെ കണ്ണൂർ സ്വദേശികൾ തന്നെയായ, ഹംസ, ഹരിദാസൻ, തിരുവനന്തപുരം സ്വദേശി രാജേന്ദ്രൻ എന്നിവരാണ് ക്യാമ്പിലുള്ള മറ്റ് മലയാളികൾ. തുടക്കത്തിൽ ഇന്ത്യൻ എംബസി മുഖേന ചികിത്സയും മരുന്നുമൊക്കെ ലഭിച്ചിരുന്നതായി തൊഴിലാളികൾ പറഞ്ഞു. പിന്നീട് അതും നിന്നു. എന്നാൽ നട്ടിൽ പോകാനുള്ള രേഖകൾ ശരിയാകുന്നതിന്ന് എംബസിയുടെ ഭാഗത്തുനിന്നും സഹായം ലഭിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin