1.5 ലക്ഷം ശമ്പളമുണ്ട്, ഈ നഗരത്തിൽ ഇതൊന്നിനും തികയുന്നില്ല, വെളിപ്പെടുത്തലുമായി യുവാവ്
പലരുടേയും സ്വപ്നനഗരമാണ് ബെംഗളൂരു. ഒരേ സമയം തന്നെ ആഡംബരപൂർണമായ ജീവിതം നയിക്കാനാവുന്ന നഗരവും അതേസമയം തന്നെ ചിലവ് താങ്ങാൻ സാധിക്കാതെ വരികയും ചെയ്യുന്ന നഗരമാണ് ഇത്. എന്നിരുന്നാലും പല യുവാക്കളും ബെംഗളൂരുവിൽ ഒരു ജോലി കണ്ടെത്താനും വിജയകരമായി തങ്ങളുടെ കരിയർ രൂപപ്പെടുത്താനും ഒക്കെ ആഗ്രഹിക്കാറുണ്ട്. എന്തായാലും, ബെംഗളൂരുവിൽ നിന്നുള്ള ഒരു ടെക്കി യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്.
onepoint5zero എന്ന യൂസർനെയിമിലുള്ള ടെക്കിയാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. പ്രതിമാസം 1.5 ലക്ഷത്തിലധികം രൂപ സമ്പാദിക്കുന്നുണ്ടെങ്കിലും ജീവിതം ഒരുതരം ബാലൻസ് ചെയ്യലാണ് എന്നാണ് യുവാവിന്റെ പരാതി. ഇന്ത്യൻ വർക്ക്‌പ്ലേസ് സബ്‌റെഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിന് പിന്നാലെ നിരവധിപ്പേരാണ് സമാനമായ അനുഭവങ്ങളെ കുറിച്ച് കമന്റ് നൽകിയത്. നഗരങ്ങളിലെ ജീവിതച്ചെലവിനെ കുറിച്ചും സാമ്പത്തികമായ അരക്ഷിതാവസ്ഥകളെ കുറിച്ചുമുള്ള വലിയ ചർച്ചയ്ക്ക് തന്നെ ഇത് തുടക്കം കുറിച്ചു.
വായ്പയുടെ ഗഡുക്കള്‍ അടച്ചുതീര്‍ത്ത് വീട്ടിലെ കാര്യങ്ങളും നോക്കി കഴിയുമ്പോൾ 30,000-40,000 രൂപ മാത്രമാണ് തന്റെ കയ്യിൽ ബാക്കിയുണ്ടാവുന്നത്. മാതാപിതാക്കൾ പൂര്‍ണ്ണമായും തന്നെ ആശ്രയിച്ച് കഴിയുന്നതിനാൽ ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ കഴിയില്ല. വാടകയും ദിവസേനയുള്ള ചെലവുകളും കുതിച്ചുയരുന്ന ഒരു നഗരത്തില്‍ ഈ പണം ആകെ തികയുന്നത് ഇതിന് മാത്രമാണ് എന്നും യുവാവ് പറയുന്നു.
ഒരുമിച്ച് വാടകവീട് എടുത്ത് ജീവിക്കാൻ പണമില്ലാത്തതിനാൽ താനും തന്റെ പങ്കാളിയും പേയിംഗ് ഗസ്റ്റായിട്ടാണ് ഇപ്പോൾ താമസിക്കുന്നത് എന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഈ ജോലിയെങ്ങാനും നഷ്ടപ്പെട്ടാൽ വെറും നാലോ അഞ്ചോ മാസം കഴിയാനുള്ള സേവിംഗ്സ് മാത്രമാണ് തനിക്കുള്ളത് എന്നും യുവാവ് വെളിപ്പെടുത്തി.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റ് നൽകിയത്. യുവാവിനോട് യോജിക്കുന്നതോടൊപ്പം വലിയ ചർച്ചയും ഇതേ ചൊല്ലി നടന്നു. ജീവിതച്ചെലവ് ഇവിടെ വളരെ കൂടുതലാണ് എന്നും ശമ്പളത്തിനൊത്ത് ജീവിക്കുക പ്രയാസമാണ് എന്നും പലരും അഭിപ്രായപ്പെട്ടു.
ലണ്ടനിൽ നിയമത്തിൽ ബിരുദാനന്തര ബിരുദം, 2000 അപേക്ഷകളയച്ചു, ജോലി കിട്ടിയില്ല, അനുഭവം പങ്കുവച്ച് യുവതി