സൈബര്‍ കുറ്റാന്വേഷണത്തിലെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ പോയി കേരള പൊലീസ്; ഡോക്ടറെ കബളിപ്പിച്ചവർ അറസ്റ്റിൽ

കോഴിക്കോട്: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്ന് ആറരലക്ഷത്തോളം രൂപ തട്ടിയെടുത്ത വിദ്യാര്‍ത്ഥി ഉള്‍പ്പെട്ട മൂന്നംഗ സംഘം പിടിയില്‍. കൊടുവള്ളി മാനിപുരം സ്വദേശിയായ തൃപ്പൊയില്‍ മുഹമ്മദ് ജാസിം(22), ബാലുശ്ശേരി ശിവപുരം സ്വദേശി പാറക്കല്‍ അബു ഹസ്സന്‍ അലി(21), ശിവപുരം സ്വദേശിയും വിദ്യാര്‍ത്ഥിയുമായ കാരാട്ട് ഗോപിക്ക് (മുത്തു 22) എന്നിവരെയാണ് നടക്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ്, എസ്‌ഐ ലീല വേലായുധന്‍ എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയത്.

ബംഗളൂരുവിൽ താമസിക്കുന്ന ഡോക്ടര്‍ പൊലീസിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി കാണിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് കോഴിക്കോട് നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തെപ്പറ്റി സൂചന ലഭിച്ച മൂന്ന് പേരും ജില്ലയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് പിടികൂടിയത്. ജാസിമാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ലഭിക്കുന്ന വിവരം. ഗോപിക്കിന്റെ ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം വിനിമയം ചെയ്തിരുന്നത്.

ട്രേഡിംങ് ചെയ്തു നല്ല വരുമാനം ഉണ്ടാക്കാമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ്  ഇവര്‍ ഇരകളെ കണ്ടെത്തിയിരുന്നത്. ഇവരുടെ കെണിയില്‍ വീണുപോകുന്നവരില്‍ നിന്ന് ചെറുതും വലുതമായ തുകകള്‍, നിക്ഷേപിക്കാനെന്ന പേരില്‍ കൈക്കലാക്കുകയും വ്യാജ ഡ്രേഡിംഗ് അക്കൗണ്ടിലൂടെ ഈ ഇന്‍വെസ്റ്റ്‌മെന്റിന് വന്‍ ലാഭം ഉണ്ടായെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. നിക്ഷേപിച്ച തുക വളരെ വലിയ സംഖ്യയായി മാറിയിട്ടുണ്ടെന്ന് വ്യാജ ഇന്റര്‍ഫേസ് ഉപയോഗിച്ചാണ് പ്രതികള്‍ ഇരകളെ വിശ്വസിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

എന്നാല്‍ തുക പിന്‍വലിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ സാങ്കേതിക തെറ്റുകള്‍ വരുത്തിയതിനാല്‍ കൂടുതല്‍ പണം അടച്ചാല്‍ മാത്രമേ പണം തിരികെ ലഭിക്കൂ എന്ന് പറഞ്ഞാണ് ഇവര്‍ വഞ്ചന നടത്തിയിരുന്നത്. സൈബര്‍ കുറ്റാന്വേഷണത്തിലെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിപ്പെടുത്തിയാണ് പ്രതികളിലേക്കെത്താന്‍ സാധിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്റ് ചെയ്തു. എഎസ്‌ഐ ശ്രീശാന്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബൈജു ചെറിയകടവത്ത്, സിവില്‍ പോലീസ് ഓഫീസര്‍ റജീഷ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായ പ്രജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

വീട്ടിലെത്താൻ വൈകുമെന്ന് വേറൊരു നമ്പറിൽ നിന്ന് വിളിച്ച് പറഞ്ഞു; ഒരു മാസം കഴിഞ്ഞു, ജിമേഷ് എവിടെ? ഉത്തരമില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin