ബഹിരാകാശത്ത് ഒമ്പത് മാസം അധിക ജോലി; സുനിത വില്യംസിന് ഓവര്‍ടൈം സാലറി എത്ര രൂപ ലഭിക്കും?

കാലിഫോര്‍ണിയ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ് തന്‍റെ ക്രൂ-9 ദൗത്യ സംഘത്തിലെ അംഗങ്ങളായ ബുച്ച് വിൽമോർ, നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരോടൊപ്പം ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് മടങ്ങുകയാണ്. ഒമ്പത് മാസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെയാണ് സുനിത ഭൂമിയില്‍ എത്തിച്ചേരുക. സുനിത വില്യംസും സഹപ്രവർത്തകരും സ്‌പേസ് എക്‌സിന്‍റെ ഫ്രീഡം ഡ്രാഗൺ പേടകത്തിലാണ് തിരിച്ചെത്തുന്നത്. 

ബോയിംഗിന്‍റെ ബഹിരാകാശ പരീക്ഷണ സ്റ്റാര്‍ലൈനര്‍ 2024 ജൂണ്‍ 5-ന് ഐ‌എസ്‌എസിലേക്ക് പോയപ്പോൾ 8 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തേണ്ടതായിരുന്നു ഇവരില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും. എന്നാൽ സ്റ്റാര്‍ലൈനറിന്‍റെ തകരാര്‍ അടക്കമുള്ള കാരണങ്ങളാൽ ബഹിരാകാശ നിലയത്തിൽ ഇവര്‍ക്ക് 9 മാസത്തിലേറെ ചിലവഴിക്കേണ്ടിവന്നു. മറ്റ് മേഖലകളിലെ പല ജീവനക്കാരും സാധാരണയായി ചെയ്യുന്നതുപോലെ, സുനിത വില്യംസിനും ബുച്ച് വിൽമോറിനും ബഹിരാകാശത്ത് ദീർഘകാലം താമസിച്ചതിന് ഓവർടൈം സാലറി ലഭിക്കുമോ എന്ന സംശയം ഇതോടെ പലരുടെയും മനസിൽ ഉയര്‍ന്നുകഴിഞ്ഞു. 

ഐഎസ്എസില്‍ ഓവര്‍ടൈം സാലറിയോ?

നാസയിലെ മുൻ ബഹിരാകാശ യാത്രികൻ കാഡി കോൾമാന്‍റെ അഭിപ്രായത്തിൽ, ബഹിരാകാശ യാത്രികർക്ക് ശമ്പളമാണ് പ്രധാനമായും നല്‍കുന്ന പ്രതിഫലം. ബഹിരാകാശ യാത്രികരുടെ ഗതാഗതം, താമസം, ഭക്ഷണം എന്നീ ചിലവുകളും നാസ വഹിക്കും. കൂടാതെ ‘ഇന്‍സിഡന്‍റല്‍സ്’ എന്ന ഇനത്തില്‍ ഒരു ചെറിയ ദൈനംദിന അലവൻസുമുണ്ട്. എനിക്കങ്ങനെ ലഭിച്ച ഇന്‍സിഡന്‍റല്‍സ് തുക ഒരു ദിവസം ഏകദേശം നാല് ഡോളർ ആയിരുന്നു എന്നാണ് കാഡി കോൾമാൻ വാഷിംഗ്‌ടണ്‍ ഡോട് കോമിനോട് പറഞ്ഞത്. 

2010-11ലെ 159 ദിവസത്തെ ദൗത്യത്തിനിടെ, കാഡി കോൾമാന് ഏകദേശം 636 ഡോളർ ( 55,000 രൂപയിൽ കൂടുതൽ) അധിക ശമ്പളം ലഭിച്ചു. ഈ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 287 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച സുനിത വില്യംസിനും ബുച്ച് വിൽമോറിനും കുറഞ്ഞത് 1,148 ഡോളർ അധിക ഇന്‍ഡിസന്‍റ്സ് ഇനത്തില്‍ പ്രതിഫലം ലഭിക്കാൻ സാധ്യതയുണ്ട്. അതായത് ഏകദേശം ഒരുലക്ഷം ഇന്ത്യൻ രൂപയാണ് ഇരുവര്‍ക്കും ലഭിക്കാനിടയുള്ള ഓവര്‍ടൈം സാലറി എന്നുപറയുന്നത്.  

സുനിത വില്യംസിന്‍റെ ശമ്പളം

റിപ്പോർട്ടുകൾ പ്രകാരം, സുനിത വില്യംസും ബുച്ച് വിൽമോറും യുഎസിലെ ജനറൽ പേ ഷെഡ്യൂളിലെ ഏറ്റവും ഉയർന്ന റാങ്കായ GS-15-ൽ ഉൾപ്പെടുന്നു. GS-15 സർക്കാർ ജീവനക്കാർക്ക് അവരുടെ ജനറൽ ഷെഡ്യൂൾ ഘട്ടത്തെ ആശ്രയിച്ച് 1,25,133 ഡോളർ മുതൽ 1,62,672 ഡോളർ വരെ (ഏകദേശം 1.08 കോടി രൂപ മുതൽ 1.41 കോടി രൂപ വരെ) അടിസ്ഥാന ശമ്പളം ലഭിക്കുന്നു.

ജനറൽ ഷെഡ്യൂൾ (GS) വർഗ്ഗീകരണവും ശമ്പള സംവിധാനവും പ്രൊഫഷണൽ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, ക്ലറിക്കൽ തസ്തികകളിലുള്ള ഭൂരിഭാഗം സിവിലിയൻ വൈറ്റ്-കോളർ ഫെഡറൽ ജീവനക്കാരെയും ഉൾക്കൊള്ളുന്നു. ജനറൽ ഷെഡ്യൂളിൽ 15 ഗ്രേഡുകളുണ്ട്. GS-1 (ഏറ്റവും താഴ്ന്നത്) മുതൽ GS-15 (ഏറ്റവും ഉയർന്നത്) എന്നിങ്ങനെയാണ് അവ.

ഐ‌എസ്‌എസിലെ ഒമ്പത് മാസത്തെ നീണ്ട കാലയളവിലെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ആനുപാതികമായി ലഭിച്ച ശമ്പളം 93,850 ഡോളറിനും 122,004 ഡോളറിനും ഇടയിലാണ്. അതായത് ഏകദേശം 81 ലക്ഷം രൂപ മുതൽ 1.05 കോടി രൂപ വരെ. ഇൻസിഡന്‍റൽ  സാലറിയായി 1,148 ഡോളർ (ഏകദേശം ഒരുലക്ഷം) രൂപ കൂടി ചേർക്കുന്നതോടെ ദൗത്യത്തിനിടയിലെ അവരുടെ ആകെ പ്രതിഫലം 94,998 ഡോളർ മുതൽ 1,23,152 ഡോളർ വരെ ആയിരിക്കുമെന്ന് കരുതപ്പെടുന്നു. ഇത് ഏകദേശം 82 ലക്ഷം രൂപ മുതൽ 1.06 കോടി ഇന്ത്യന്‍ രൂപ വരെ വരും.

അതേസമയം 2011 മുതൽ നാസ നടപ്പിലാക്കിയ ഇൻസിഡന്‍റൽ ഡയലി അലവൻസിൽ ഉണ്ടായേക്കാവുന്ന വർധനവുകൾക്ക് ഈ കണക്കുകൂട്ടൽ ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കോൾമാന്‍റെ അനുഭവം അവരുടെ ദൗത്യത്തിനിടെ പ്രതിദിനം നാല് ഡോളർ അലവൻസിനെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും, പണപ്പെരുപ്പമോ മറ്റ് ഘടകങ്ങളോ കാരണം വർഷങ്ങളായി തുകയിൽ മാറ്റം വന്നിരിക്കാം. അതിനാൽ, സുനിത വില്യംസ്, ബുച്ച് വിൽമോർ തുടങ്ങിയ ബഹിരാകാശ യാത്രികർക്കുള്ള ഇന്‍സിഡന്‍റല്‍സ് നഷ്‍ടപരിഹാരം, അതിന് ശേഷം നാസ ദൈനംദിന അലവൻസിൽ വരുത്തിയ ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാനും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 

Read more: റഷ്യയുടെ സോയുസ് 3.5 മണിക്കൂറില്‍ ഭൂമിയിലിറങ്ങി; സ്പേസ് എക്സിന്‍റെ ഡ്രാഗണ് 17 മണിക്കൂര്‍ യാത്ര എന്തുകൊണ്ട്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin

You missed