പിന്നെ, എന്നും പുകഞ്ഞ അടുപ്പ് പുകയല്‍ നിര്‍ത്തി, ശങ്കരന്‍ പൂച്ച തനിച്ചായി, വീട് നിശ്ശബ്ദമായി…
തന്റെ അവസാന നിമിഷങ്ങളില്‍ അമ്മാമ്മ എന്നോട് എന്നും പറയുമായിരുന്നു, ‘ഞാന്‍ എന്ത് നിര്‍ഭാഗ്യവതിയാണ്, നിങ്ങളൊന്നും വളര്‍ന്നു വലുതാകുന്നത് കാണാന്‍ എനിക്ക് കഴിയില്ലല്ലോ.’
എല്ലാം നല്ലതായിരുന്നു എന്നൊന്നും പറയാന്‍ കഴിയാത്ത വിധത്തിലെങ്കിലും, എല്ലാം അരികില്‍ തന്നെയുണ്ടായിരുന്നു. പെട്ടെന്നായിരുന്നു അമ്മാമ്മയുടെ അസുഖം മൂര്‍ച്ഛിച്ചത്. പിന്നെ, എന്നും പുകഞ്ഞുകൊണ്ടിരുന്ന അടുപ്പ് താല്‍ക്കാലികമായി പുകയല്‍ നിര്‍ത്തി. ഒപ്പം, അടുക്കളപ്പുറത്തെ ശബ്ദങ്ങളും. ശങ്കരന്‍ പൂച്ച തനിച്ചായി. കുറച്ച് നാള്‍ കഴിഞ്ഞതോടെ വീട് പൂര്‍ണ്ണ നിശ്ശബ്ദതയില്‍ ഉറഞ്ഞു.
അമ്മാമ്മ പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഞങ്ങളെ അവധിക്കാലത്ത് സ്വീകരിക്കാന്‍ അവിടെ ആരുമില്ല. ചില ഓര്‍മകളല്ലാതെ.
അഞ്ച് പെണ്‍കുട്ടികളില്‍ ഇളയതായിരുന്നു അമ്മാമ്മ. ഏറ്റവും അവസാനം വന്ന് ഏറ്റവും ആദ്യം പോയി. 10 ദിവസമൊക്കെ കഴിഞ്ഞപ്പോള്‍ ചേച്ചിമാരൊക്കെ തിരിച്ചുപോയി. ബന്ധുക്കളുടെ വരവുപോക്കുകള്‍ കുറഞ്ഞു. മൂന്ന് പെണ്‍മക്കള്‍ മാത്രമുള്ള താന്‍, ഇനി മരുമകന്റെ വീട്ടില്‍ താമസിക്കണ്ടേ എന്ന ചിന്തയും പേറി നടക്കുകയാണ് അച്ചാച്ചന്‍.
വേനല്‍ ആരും വരവേല്‍ക്കാതെ തന്നെ സ്വമേധയാ വന്നുകയറി. നേരം നട്ടുച്ചയായി. ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനിടെ അമ്മ കോട്ടിലകത്തേക്ക് എന്തോ എടുക്കാന്‍ പോയതായിരുന്നു. കൂടെ ആന്റിയും ഉണ്ടായിരുന്നു. മൂന്ന് നാല് പ്ലാസ്റ്റിക് ഡബ്ബകള്‍ കിട്ടി, ഉള്ളില്‍ വിത്തുകളാണ്. പുറമെ പേരുമെഴുതി ഒട്ടിച്ചിട്ടുണ്ട്. പാവക്ക, ചുവന്ന മുളക്, പയര്‍, വെള്ളരി… കഴിഞ്ഞ വര്‍ഷം അമ്മാമ്മ എടുത്തു വച്ചതാണ്, ഈ വര്‍ഷം നടാന്‍.
കരച്ചില്‍ ഒളിച്ചു വയ്‌ക്കേണ്ട ആവശ്യം അവര്‍ക്കില്ല, കാരണം അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ അമ്മയെയാണ്.
തന്റെ അവസാന നിമിഷങ്ങളില്‍ അമ്മാമ്മ എന്നോട് എന്നും പറയുമായിരുന്നു, ‘ഞാന്‍ എന്ത് നിര്‍ഭാഗ്യവതിയാണ്, നിങ്ങളൊന്നും വളര്‍ന്നു വലുതാകുന്നത് കാണാന്‍ എനിക്ക് കഴിയില്ലല്ലോ.’
‘ഏയ്, എന്തിനാ അങ്ങനെയൊക്കെ ചിന്തിക്കുന്നത്. എല്ലാം ശരിയാകും’, -ഞാനന്നേരം എവിടെനിന്നോ തപ്പിയെടുത്ത വാക്കുകളില്‍ സ്വയം ഊന്നിനിന്ന് അതിന് മറുപടി പറയും.
പക്ഷേ, അടുത്ത പൂക്കാലവും മിഥുനവും വിളവെടുപ്പും വര്‍ഷവും ഒന്നും അമ്മാമ്മ കണ്ടില്ല.
ആഗ്രഹങ്ങളും നന്മകളും മാത്രം കൊണ്ടുനടന്ന എന്റെ അമ്മാമ്മ ഒരു യാത്രയിലാണ് എന്ന് ചിന്തിക്കാന്‍ ആണ് എനിക്കിഷ്ടം!
എന്റെ ജീവിതത്തിലെ സ്ത്രീ വായനക്കാരെഴുതിയ കുറിപ്പുകൾ വായിക്കാം