കൊല്ലം ഫെബിന്‍ കൊലപാതകം; തേജസുമായുള്ള ബന്ധത്തിൽനിന്ന് ഫെബിന്റെ സഹോദരി പിൻമാറിയതാണ് കൊലക്ക് കാരണമെന്ന് പൊലീസ്

കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ പ്രണയപ്പക. തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്‍റെ സഹോദരി പിന്‍മാറിയതാണ്   കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറി.

ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട്  യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഫെബിന്‍റെ  അച്ഛൻ ജോർജ് ഗോമസ് കുത്തേറ്റ് ചികിത്സയിൽ തുടരുകയാണ്. യുവതിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യര്‍ത്ഥിയായ ഫെബിനെയാണ് തേജസ് രാജ് എന്ന യുവാവ് വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയത്. ഫെബിനെ ആക്രമിക്കുന്നത് തടഞ്ഞ അച്ഛനും കുത്തേറ്റിരുന്നു. ഇരുവരെയും ആക്രമിച്ച ശേഷം കാറില്‍ രക്ഷപ്പെട്ട പ്രതി ട്രെയിനിന്  മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ബിടെക് ബിരുദധാരിയാണ് നീണ്ടകര സ്വദേശിയായ തേജസ് രാജ്. 

ഡിസിആർബി ഗ്രേഡ് എസ് ഐ രാജുവിൻറെ മകനാണ് തേജസ്. തേജസിന്റെയും ഷെബിൻ ജോർജിയും മൃതദേഹങ്ങൾ ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഫെബിൻറ അച്ഛൻ ജോർജ്ജ് ഗോമസ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 

By admin