കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ ലഭിച്ചത് 5 കിലോയോളം ഭാരമുള്ള സ്രാവിനെ; ആശങ്കയോടെ നാട്ടുകാര്‍
കോഴിക്കോട്: പുഴയില്‍ വല വീശിയപ്പോള്‍ ലഭിച്ചത് അഞ്ച് കിലോയോളം ഭാരമുള്ള സ്രാവിനെ. കോഴിക്കോട് കുറ്റ്യാടി പുഴയിലാണ് ഏവരിലും ഒരുപോലെ ആശ്ചര്യവും ആശങ്കയും ഉണര്‍ത്തിയ സംഭവം നടന്നത്. കടലില്‍ മാത്രം കണ്ടുവരുന്ന സ്രാവിനെ കുറ്റ്യാടി പുഴയിലെ വേളം – ചങ്ങരോത്ത് പഞ്ചായത്തുകള്‍ക്കിടയില്‍പ്പെടുന്ന തെക്കാള്‍ കടവില്‍ നിന്നാണ് ലഭിച്ചത്.
ഊരത്ത് സ്വദേശി കുഞ്ഞബ്ദുല്ല, പാലേരി സ്വദേശി ഷൈജു എന്നിവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് വല സ്ഥാപിച്ചത്. പിന്നീട് വന്ന് പരിശോധിച്ചപ്പോള്‍ സ്രാവ് കുടുങ്ങിയതായി കാണുകയായിരുന്നു. കടലില്‍ കണ്ടുവരുന്ന സ്രാവ് പുഴയില്‍ എത്തിയത് ഓരുവെള്ളം(കടല്‍വെള്ളം) കയറുന്നതിന്‍റെ ലക്ഷണമാണെന്ന നിഗമനമാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നത്. ചെറുതും വലുതുമായ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പുഴയിലെ വെള്ളം വലിയ തോതില്‍ കുറയുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പകരം ഉപ്പുവെള്ളം കയറുകയാണെന്നും ഇവര്‍ പറയുന്നു. വടകര താലൂക്കില്‍ കുടിവെള്ളം എത്തിക്കുന്നതിന് കുറ്റ്യാടി പുഴയില്‍ വേളത്തും കുറ്റ്യാടിയിലും വലിയ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വേളത്ത് സ്ഥിതി ചെയ്യുന്ന കൂരങ്കോട്ട് കടവില്‍ ജല്‍ജീവന്‍ മിഷന്റെ കീഴില്‍ വരുന്ന പുതിയ പദ്ധതിയും ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് അസാധാരണ പ്രതിഭാസത്തിന് നാട്ടുകാര്‍ സാക്ഷിയാകേണ്ടി വന്നിരിക്കുന്നത്.