സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ‘എമ്പുരാൻ’ സിനിമയുടെ ട്രെയിലർ (L2 Empuraan Trailer) കണ്ട് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് (Rajinikanth). പൃഥ്വിരാജ് തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹ മാധ്യമത്തിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. ‘‘എമ്പുരാൻ ട്രെയിലർ ആദ്യം കണ്ട വ്യക്തി‘‘ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിൻ്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചത്. രജനികാന്തിന്റെ ചെന്നൈയിലെ വീട്ടിലെത്തിയാണ് പൃഥ്വിരാജ് കൂടിക്കാഴ്ച നടത്തിയത്.
രജനികാന്തിന്റെ വീട്ടിലെത്തിയ പൃഥ്വിരാജ് അദ്ദേഹത്തെ എമ്പുരാന്റെ ട്രെയിലർ കാണിക്കുകയായിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ തുടരവെയാണ് താരം തൻ്റെ ഫാൻബോയ് നിമിഷം സാക്ഷാത്കരിച്ചത്. രാജമൗലി സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്താണ് എമ്പുരാൻ്റെ പ്രമോഷനിൽ സജീവമായിരിക്കുന്നത്.
‘‘എമ്പുരാൻ ട്രെയിലർ ആദ്യം കണ്ട വ്യക്തി. ട്രെയിലർ കണ്ടതിന് ശേഷം അങ്ങ് പറഞ്ഞ വാക്കുകൾ ഞാൻ എന്നും വിലമതിക്കും സർ. വാക്കുകൾ കൊണ്ട് പറഞ്ഞാൽ മതിയാകില്ല. എന്നും ഫാൻബോയ്.’’–പൃഥ്വിരാജിൻ്റെ വാക്കുകൾ. അതേസമയം എമ്പുരാന്റെ ട്രെയിലർ ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്നത് മറ്റൊരു ആകാംക്ഷയുണർത്തുന്ന കാര്യമാണ്. സിനിമ റിലീസ് ചെയ്യാൻ 9 ദിവസം മാത്രമാണിനിയുള്ളത്.
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന പൃഥ്വിരാജ്–മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘എമ്പുരാൻ’. മാർച്ച് 27നാണ് ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം പുറത്തിറക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് എമ്പുരാൻ എത്തുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2019 ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയവരുൾപ്പെടെ വമ്പൻ താരനിലയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്.

View this post on Instagram

A post shared by Prithviraj Sukumaran (@therealprithvi)

 https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *