ആര്‍സിബിയില്‍ താരങ്ങള്‍ തമ്മില്‍ സൗഹൃദമില്ല, ചെന്നൈയുമായുള്ള പ്രധാന വ്യത്യാസം തുറന്നു പറഞ്ഞ് മുന്‍ താരം
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള പ്രധാന വ്യത്യാസത്തെക്കുറിച്ച് മനസുതുറന്ന് മുന്‍ താരം ഷദാബ് ജകാതി. ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം ഐപിഎല്‍ കിരീടനേട്ടത്തില്‍ പങ്കാളിയായിട്ടുള്ള ജകാതി കരിയറിന്‍റെ അവസാന നാളുകളില്‍ ആര്‍സിബിക്കുവേണ്ടിയും കളിച്ചിരുന്നു.
ആര്‍സിബിയും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള പ്രധാന വ്യത്യാസം ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒരു കുടുംബം പോലെയാണെന്നതാണെന്ന് ജകാതി പറഞ്ഞു. ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിം ആണ്.അതുകൊണ്ട് തന്നെ കിരീടങ്ങള്‍ നേടണമെങ്കില്‍ ടീം ഒന്നായി ഒരുമനസോടെ നിന്നാല്‍ മാത്രമെ കഴിയു. അല്ലാതെ 2-3 കളിക്കാര്‍ വിചാരിച്ചാലൊന്നും ക്രിക്കറ്റില്‍ ഒരു ടീമിനും കിരീടം സ്വന്തമാക്കാനാവില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിൽ എക്കാലത്തും മികച്ച ഇന്ത്യൻ താരങ്ങളുടെയും വിദേശ താരങ്ങളുടെയും കോംബിനേഷൻ ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ആര്‍സിബിയിലായിരുന്നപ്പോള്‍ അവര്‍ അവിടെ 2-3 കളിക്കാരെ മാത്രമാണ് ഫോക്കസ് ചെയ്തിരുന്നത്.
ചാമ്പ്യൻസ് ട്രോഫി:നാട്ടില്‍ കളിച്ചത് ഒരേയൊരു മത്സരം, പാക് ക്രിക്കറ്റ് ബോർഡിന് നഷ്ടം 869 കോടി രൂപ
ഇരു ടീമുകളുടെയും മാനേജ്മെന്‍റിന്‍റെ സപീമനവും ഡ്രസ്സിംഗ് റൂം സാഹചര്യങ്ങളും തീര്‍ത്തും വ്യത്യസ്തമാണ്. ആര്‍സിബിയില്‍ മികച്ച താരങ്ങളുണ്ടായിരുന്നു. എന്നാല്‍ കളിക്കാര്‍ക്കിടയിലൊരു സാഹോദര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ടീം എന്ന നിലയില്‍ ആര്‍സിബി താരങ്ങള്‍ക്ക് ഇഴുകിചേരാന്‍ എല്ലായ്പ്പോഴും ബുദ്ധിമുട്ടായിരുന്നുവെന്നും ജകാതി സ്പോര്‍ട്സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ കളിക്കാരുടെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നോക്കുന്ന ടീമാണ്. കളിക്കാരുടെ ചെറിയ കാര്യങ്ങളില്‍ പോലും അവര്‍ ശ്രദ്ധിക്കും. ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും ചിലപ്പോള്‍ വലിയ മാറ്റമാണ് ഉണ്ടാക്കുകയെന്നും ജകാതി പറഞ്ഞു.
പതിനേഴ് സീസണുകളിലായി ഐപിഎല്ലില്‍ കളിച്ചിട്ടും ആര്‍സിബിക്ക് എന്തുകൊണ്ട് കിരീടം നേടാനാവുന്നില്ല എന്നതിനുള്ള കാരണം ഇതൊക്കെ തന്നെയാണെന്നും ജകാതി പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സ് വിട്ട ജകാതി ആര്‍സിബി കുപ്പായത്തില്‍ ഒരു മത്സരം മാത്രമാണ് കളിച്ചത്.