ആന വൈഡ്, അടുത്ത പന്ത് വീണത് പിച്ചിന് പുറത്ത്! കിവീസിനെതിരെ അപഹാസ്യനായി പാക് പേസര്‍ മുഹമ്മദ് അലി

ഡ്യുനെഡിന്‍: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യിലും പരാജയപ്പെട്ടിതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ഡ്യുനെഡിന്‍, യൂണിവേഴ്‌സിറ്റി ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് ഒമ്പത് വിക്കറ്റുകള്‍ നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. മഴയെ തുടര്‍ന്ന് ടോസ് വൈകിയതിന് പിന്നാലെ മത്സരം 15 ഓവറാക്കി ചുരുക്കിയിരുന്നു. ക്യാപ്റ്റന്‍ സല്‍മാന്‍ അഗ (46), ഷദാബ് ഖാന്‍ (26), ഷഹീന്‍ അഫ്രീദി (14 പന്തില്‍ പുറത്താവാതെ 22)  എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗില്‍ ടിം സീഫെര്‍ട്ട് (22 പന്തില്‍ 45), ഫിന്‍ അലന്‍ (16 പന്തില്‍ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തുകയും ചെയ്തു. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മറ്റൊരു നാണക്കേടായി ഇത്.

പാകിസ്ഥാനെ പരിഹസിക്കുന്നതിനൊപ്പം ഒരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്. പാക് പേസര്‍ മുഹമ്മദ് അലിയുടെ രണ്ടാം ഓവറാണത്. അദ്ദേഹത്തിന്റെ ആദ്യ ഓവറില്‍ ഫിന്‍ അലന്‍ മൂന്ന് സിക്‌സുകള്‍ പറത്തിയിരുന്നു. ആ ഓവറില്‍ 18 റണ്‍സാണ് അടിച്ചെടുത്തത്. പിന്നീട് പവര്‍ പ്ലേയ്ക്ക് മുമ്പ് ഒരിക്കല്‍ കൂടി അദ്ദേഹം പന്തെറിയാനെത്തി. അഞ്ചാം ഓവറിലെ ആദ്യ പന്ത് തന്നെ സീഫെര്‍ട്ട് സിക്‌സ് കടത്തി. അടുത്ത പന്തില്‍ ഫോര്‍. തൊട്ടടുത്ത രണ്ട് പന്തുകളായിരുന്നു രസകരം. കടുത്ത സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട അലി ഒരു സ്ലോവറിന് ശ്രമിച്ചു. എന്നാല്‍ ഭീകര വൈഡാവുകയായിരുന്നു. പന്ത് കഷ്ടിച്ച് പിച്ചില്‍ കുത്തിയെന്ന് പറയാം. അടുത്ത പന്ത് അതിനേക്കാള്‍ കോമഡി. ഒരു ലെഗ് കട്ടര്‍ എറിയാനുള്ള ശ്രമം പാളി പോയി. പന്ത് പിച്ചിന് പുറത്താണ് വീണത്. അംപയര്‍ക്ക് നോബോള്‍ വിളിക്കേണ്ടി വന്നു. വീഡിയോ കാണാം…. 

മത്സരത്തില്‍ ന്യൂസിലന്‍ഡ് ആറ് വിക്കറ്റിന് ജയിച്ചിരുന്നു. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 13.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടിം സീഫെര്‍ട്ട് (22 പന്തില്‍ 45), ഫിന്‍ അലന്‍ (16 പന്തില്‍ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്.

By admin