ആനയോടൊപ്പമുള്ളവർ മദ്യമോ മയക്കുമരുന്നുകളോ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം, നിർദേശവുമായി ഗണേഷ് കുമാർ

തിരുവനന്തപുരം: ഉത്സവ, പെരുന്നാൾ ആഘോഷങ്ങളിലെ എഴുന്നള്ളിപ്പുകൾ അപകടരഹിതമാവണമെന്ന് കേരളാ എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്  കെ ബി ഗണേഷ് കുമാർ. അടുത്ത കാലത്തായി വർധിച്ചു വരുന്ന ആന ഇടച്ചിലുകൾ ജനങ്ങളിൽ ഭീതിയും പരിഭ്രാന്തിയും പരത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സഹകരണത്തോടെ അപകടങ്ങൾ ഇല്ലാതാക്കി എഴുന്നള്ളിപ്പുകൾ സുഗമമായി നടത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ നടപടികൾ സ്വീകരിച്ചുവെന്നും ഗണേഷ് കുമാർ അറിയിച്ചു.

ആനയെ എഴുന്നള്ളിക്കുമ്പോൾ 2012ലെ നാട്ടാന പരിപാലനച്ചട്ടം കർശനമായി പാലിക്കണം. ഓരോ സ്ഥലത്തും ആന ഇടയാനുണ്ടായ കാരണങ്ങൾ അന്വേഷിച്ച് അത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ക്ഷേത്ര ഭാരവാഹികളും ആന ഉടമസ്ഥരും പാപ്പാൻമാരും ഉറപ്പു വരുത്തുകയും അതിനായി പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയും വേണം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഉത്സവ സ്ഥലങ്ങളിൽ കൂടുതലായി ഉണ്ടാവുന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നതിനും ആന ഇടയുന്നതിനും കാരണമാവുന്നുണ്ടോ എന്നും പരിശോധിക്കണം. 

ആനയോടൊപ്പം പ്രവർത്തിക്കുന്നവർ മദ്യമോ മയക്കുമരുന്നുകളോ ഉപയോഗിച്ചുകൊണ്ട് ആനയെയും കൊണ്ട് വന്നാൽ അവരെയും ആനയെയും ഉൾപ്പെടെ മാറ്റി നിർത്തുവാൻ ക്ഷേത്ര ഭാരവാഹികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും ഗണേഷ് കുമാർ നിർദ്ദേശിച്ചു. ഓരോ ആനയുടെയും സ്വഭാവം കണക്കിലെടുത്ത് ആ ആനയ്ക്ക് ഉതകുന്ന രീതിയിലുള്ള എഴുന്നള്ളിപ്പുകൾക്ക് മാത്രം അയയ്ക്കുവാൻ ആന ഉടമകൾ ശ്രദ്ധിക്കണം.

എഴുന്നള്ളിപ്പ് സമയത്ത് ആനയുടെ കാലിൽ ഇടച്ചങ്ങലയും മുട്ടു ചങ്ങലയും ഇടേണ്ടതാണ്. ആവശ്യമായ ബന്ധവസ് ഇടുന്നതിൽ ചില പാപ്പാൻമാർ വിമുഖത കാണിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഏറ്റവും പരിചയസമ്പന്നരും ആനയോട് ഏറ്റവും ഇണങ്ങി നിൽക്കുന്നവരുമായ പാപ്പാൻമാരെ എഴുന്നള്ളിപ്പുകളിൽ ഉപയോഗിക്കാൻ ശ്രദ്ധിയ്ക്കണം.

ഉത്സവ സമയങ്ങളിൽ ജനങ്ങളെ നിയമം അനുശാസിക്കുന്ന അകലത്തിൽ നിർത്തുന്നതിന് ക്ഷേത്ര ഭാരവാഹികൾ പോലീസിന്റെ സഹായം തേടണമെന്ന് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. പൊതുജനങ്ങൾക്ക് മതിയായ അപകട ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികളും ആന ഉടമകളും ഉറപ്പുവരുത്തണം.

പരിശീലനം ലഭിച്ച എലിഫന്റ് സ്ക്വാഡിന്റെ സാന്നിധ്യം എല്ലാ ആന എഴുന്നള്ളിപ്പുകളിലും ഉണ്ടാവുന്നത് ഇടയുന്ന ആനകളെ എത്രയും വേഗം നിയന്ത്രണത്തിലാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എലിഫന്റ് സ്ക്വാഡുകളെ സർക്കാർ നിയന്ത്രണത്തിലാക്കുന്നതിനും, അതിലെ അംഗങ്ങൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകുന്നതിനും ഉത്സവങ്ങളിൽ അവരുടെ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുമെന്ന് കെ. ബി. ഗണേഷ് കുമാർ അറിയിച്ചു.

വീട്ടിലെത്താൻ വൈകുമെന്ന് വേറൊരു നമ്പറിൽ നിന്ന് വിളിച്ച് പറഞ്ഞു; ഒരു മാസം കഴിഞ്ഞു, ജിമേഷ് എവിടെ? ഉത്തരമില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin

You missed