മുംബൈ: ക്രിഷ് 4 കുറച്ചു കാലമായി ബോളിവുഡിലെ സംസാരത്തില്‍ ഉള്ള ഒരു ചിത്രമാണ്. എന്നാല്‍ ഈ ചിത്രം യാഥാര്‍ത്ഥ്യമാകാനുള്ള തടസങ്ങള്‍ ഇതുവരെ മാറിയില്ലെന്നാണ് വിവരം. നേരത്തെ പഠാന് പോലുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത സിദ്ധാർത്ഥ് ആനന്ദിന്റെ മാർഫ്ലിക്സ് ഹൃത്വിക് റോഷൻ നായകനാകുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ആകും എന്ന് വിവരമുണ്ട്. നേരത്തെ ക്രിഷ് 4 സംവിധാനം ചെയ്യാനുള്ള താല്‍പ്പര്യവും സിദ്ധാര്‍ത്ഥ് ആനന്ദ് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ സിദ്ധാര്‍ത്ഥ് ആനന്ദ് പദ്ധതിയിൽ നിന്ന് പിന്മാറി എന്നതാണ് പുതിയ സാഹചര്യം. ഇപ്പോൾ പുതിയൊരു ബാനറിൽ ക്രിഷ് 4 എത്തുമെന്നാണ് റിപ്പോർട്ട്. ഒപ്പം താന്‍ സംവിധാനത്തിന് ഇല്ലെന്ന് ഇതിനകം രാകേഷ് റോഷന് പ്രഖ്യാപിച്ചതിനാല്‍ പുതിയ സംവിധായകനും ചിത്രത്തിലേക്ക് എത്തിയേക്കും.
ക്രിഷ് 4 നിര്‍മ്മാണത്തിന് ഇപ്പോഴത്തെ ആശയത്തിന് 700 കോടി രൂപയെങ്കിലും നിര്‍മ്മാണ ചിലവ് വേണ്ടിവരും എന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് മൂലം തന്നെ പല പ്രൊഡക്ഷന്‍ ഹൗസുകളും ചിത്രം ഏറ്റെടുക്കാന്‍ മടിക്കുന്നതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.
തന്റെ സുഹൃത്ത് കൂടിയായ സിദ്ധാർത്ഥ് ആനന്ദിനെ അനുയോജ്യമായ ഒരു സ്റ്റുഡിയോ കണ്ടെത്താൻ ഹൃത്വിക് റോഷൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അതേ സമയം മാര്‍വല്‍ സിനിമകള്‍ പോലെ സൂപ്പര്‍ഹീറോ കണ്ടന്റുകള്‍ ഏറെ വരുന്നതാണ് ചിത്രത്തില്‍ നിന്നും പിന്മാറാന് സിദ്ധാർത്ഥ് ആനന്ദും മാർഫ്ലിക്സും തീരുമാനം എടുത്തതിന് പിന്നില്‍ എന്നും വിവരമുണ്ട്.
“ക്രിഷ് 3 പുറത്തിറങ്ങി ഒരു ദശാബ്ദത്തിലേറെയായതിനാൽ മാർവലിനു ശേഷമുള്ള കാലഘട്ടത്തിൽ ഈ ബജറ്റിൽ ക്രിഷ് വിജയിക്കുമോ എന്നതില്‍ സ്റ്റുഡിയോകള്‍ക്ക് ഉറപ്പില്ലെന്നാണ്” സംഭവുമായി ബന്ധപ്പെട്ട സ്രോതസ്സ് പറഞ്ഞതായി റിപ്പോർട്ട് പറയുന്നു.
ഹൃത്വിക് റോഷനും പ്രീതി സിന്റെയും അഭിനയിച്ച 2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷൻ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് 2006-ൽ ഹൃത്വിക് റോഷനും പ്രിയങ്ക ചോപ്രയും അഭിനയിച്ച ക്രിഷ് പുറത്തിറങ്ങി. തുടർന്ന് 2013-ൽ ഹൃത്വിക്, പ്രിയങ്ക, വിവേക് ഒബ്റോയ്, കങ്കണ റണൗട്ട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രിഷ് 3 പുറത്തിറങ്ങി.
ഒടിടി റൈറ്റ്സിലൂടെ തിയറ്റർ കളക്ഷന്റെ മൂന്നിരട്ടി? കങ്കണയുടെ ‘എമർജൻസി’ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയത്