15 ദിവസത്തിലൊരിക്കൽ ബെംഗളൂരുവിലെത്തും, 24 മണിക്കൂറിനകം തിരികെ പോകും, 6മാസം, 59 യാത്ര; പ്രതികളുടെ മൊഴി പുറത്ത്
തെലങ്കാന: ബെംഗളൂരുവിൽ 75 കോടി രൂപയുടെ എംഡിഎംഎയുമായി പിടിയിലായ 2 ദക്ഷിണാഫ്രിക്കൻ സ്ത്രീകളുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ലഹരി വിതരണം ചെയ്യുന്നതെങ്ങനെ എന്നതിൽ വിശദമായ മൊഴിയാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്നത്. 15 ദിവസം കൂടുമ്പോഴാണ് ബംബയും അബിഗെയ്‍ലും ദില്ലിയിൽ നിന്ന് ബെംഗളുരുവിലേക്ക് വരുന്നത്. 24 മണിക്കൂറിനകം സ്റ്റോക്ക് പ്രാദേശിക ലഹരി വിതരണക്കാർക്ക് നൽകി അവർ തിരികെ ദില്ലിക്ക് പോകും.
ബെംഗളുരുവിലേക്ക് മാത്രമല്ല മുംബൈയ്ക്കും ലഹരിക്കടത്ത് നടത്തിയെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഒരാൾ ബിസിനസ് വിസയിലും ഒരാൾ മെഡിക്കൽ വിസയിലുമാണ് ഇന്ത്യയിലെത്തിയത്. രണ്ട് പേരുടെയും വിസ കാലാവധി കഴിഞ്ഞിരുന്നു. കഴിഞ്ഞ 6 മാസത്തിനിടെ 59 തവണ ഇവർ ദില്ലി – മുംബൈ- ബെംഗളുരു യാത്ര നടത്തിയിട്ടുണ്ട്. ഇതെല്ലാം ലഹരി കടത്താൻ വേണ്ടിയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കിൽ ഇത്ര തവണ ലഹരിയുമായി യാത്ര ചെയ്തിട്ടും ഒരു തവണ പോലും ഇവർ വിമാനത്താവളത്തിൽ പിടിക്കപ്പെട്ടില്ല എന്നത് സംശയാസ്പദമായി നിലനിൽക്കുന്നുവെന്നും പൊലീസ് പറയുന്നു.
കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇന്നലെ നടന്നതെന്ന് മംഗളൂരു പൊലീസ് വ്യക്തമാക്കുന്നു. 75 കോടി രൂപ വിലമതിക്കുന്ന 37.87 കിലോഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ബാംബ ഫന്റ (31), അബിഗയിൽ അഡോണിസ് (30) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്.
2024-ൽ, പമ്പ്‌വെല്ലിന് സമീപമുള്ള ഒരു ലോഡ്ജിൽ നിന്ന് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന ഹൈദർ അലി എന്ന എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ, അലിക്ക് മയക്കുമരുന്ന് നൽകിയിരുന്ന നൈജീരിയൻ പൗരനായ പീറ്റർ ഇകെഡി ബെലോൺവോയെ ബംഗളൂരുവിൽ നിന്ന് പിടികൂടി. ഈ ഓപ്പറേഷനിൽ, 6.248 കിലോഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു.
തുടര്‍ന്ന് ആറ് മാസത്തെ നീണ്ട അന്വേഷണത്തിന് ശേഷമാണ് മംഗളൂരു സിസിബി പൊലീസ് ഒരു വലിയ മയക്കുമരുന്ന് സിൻഡിക്കേറ്റ് കണ്ടെത്തിയത്. ദില്ലിയിൽ നിന്ന് ബംഗളൂരുവിലേക്കും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വിമാനമാർഗം എംഡിഎംഎ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
മാർച്ച് 14ന് ദില്ലിയിൽ നിന്ന് വിമാനമാർഗ്ഗം ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരത്വമുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായത്. ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 75 കോടി രൂപ വിലമതിക്കുന്ന 37.585 കിലോഗ്രാം എംഡിഎംഎ, രണ്ട് ട്രോളി ബാഗുകൾ, നാല് മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു.