ഹൈവോള്‍ട്ടേജില്‍ ഓറഞ്ച് ആര്‍മി, കിരീടം ഹൈദരാബാദിലേക്ക്?

ഹൈലി എക്സ്പ്ലോസീവ്! സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വിശേഷിപ്പിക്കാൻ ഇതിലും നല്ലൊരു വാചകമില്ല. അരികിലെത്തിയ കിരീടം ഇത്തവണ കൈപ്പിടിയിടിയിലൊതുക്കണം. അതില്‍ കുറഞ്ഞതൊന്നും പാറ്റ് കമ്മിൻസിന്റെ ഓറഞ്ച് ആര്‍മിക്കുണ്ടാകില്ല. ടീം കൂടുതലും ആശ്രയിക്കുന്നത് വിദേശനിക്ഷേപത്തിലാണെങ്കിലും അതിനോട് ചേര്‍ത്ത് വെക്കാൻ ഇന്ത്യൻ യുവതാരങ്ങളുമുണ്ട്. ബൗളിങ്ങിലെ പോരായ്മ മറികടക്കുന്ന ബാറ്റിങ് നിരയായിരുന്നു കഴിഞ്ഞ തവണ, എന്നാല്‍ പുതിയ സീസണില്‍ കാര്യങ്ങള്‍ അങ്ങനെയല്ല, സേഫാണ്.

പാറ്റ് കമ്മിൻസ്, ഹെൻറിച്ച് ക്ലാസൻ, ട്രാവിസ് ഹെ‍ഡ്, അഭിഷേക് ശര്‍മ, നിതീഷ് റെഡ്ഡി…ടീം നിലനിര്‍ത്തിയ അഞ്ച് പേരില്‍ തന്നെ അപകടം മണക്കും എതിരാളികള്‍. ബൗള‍ര്‍മാരെ കൊല്ലാക്കൊല ചെയ്യുന്ന അഭിഷേക്, ഒരു ദയയുമില്ലാത്ത ട്രാവിസ് ഹെഡ്. ഇരുവരും പോയ സീസണില്‍ ബാറ്റ് വീശിയത് 200 സ്ട്രൈക്ക് റേറ്റിലാണ്. ഹെഡ് 567 റണ്‍സും അഭിഷേക് 484 റണ്‍സും നേടി. രണ്ട് പേരുടേയും 70 ശതമാനത്തോളം റണ്‍സും വന്നുചേര്‍ന്നത് പവര്‍പ്ലേയിലാണ്. ഇതിനൊപ്പം പാറ്റ് കമ്മിൻസ് മുംബൈയുടെ തട്ടില്‍ നിന്ന് പൊക്കറ്റ് ഡൈനാമൊയേക്കുടി അങ്ങ് ചേര്‍ത്ത് വെക്കും.  

ഇഷാൻ കിഷനൂടെ ടോപ് ഓര്‍ഡറിലേക്ക് എത്തുമ്പോള്‍ പന്തുകളുടെ ഗ്യാലറി സന്ദര്‍ശനം കൂടും. ഏതൊരു ബൗളിങ് നിരയും ഒന്ന് വിഷമിക്കുമെന്ന് തീ‍ര്‍ച്ചയാണ്. ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവുകൂടി ഇഷാന്റെ ലക്ഷ്യങ്ങളിലുണ്ട്. നാലാം നമ്പറില്‍ ആരെത്തുമെന്നതാണ് കമ്മിൻസിന് മുന്നിലുള്ള ചോദ്യം. ആ റോള്‍ അഭിനവ് മനോഹറിനോ അതോ മലയാളി താരം സച്ചിൻ ബേബിക്കൊ ആയിരിക്കാം. ഇതിലൊരു തീരുമാനത്തിലെത്തിയാല്‍ പിന്നാലെ സാക്ഷാല്‍ ക്ലാസനും നിതീഷ് റെഡ്ഡിയും. ഒരു പെ‍ര്‍ഫെക്ട് ഫൈവ് ആൻഡ് സിക്സ്. 

ട്വന്റി 20 ഈസ് മൈ ടെറിറ്ററി എന്ന ശൈലിയാണ് ക്ലാസണ്. മെല്‍ബണില്‍ കമ്മിൻസിനും സ്റ്റാ‍ര്‍ക്കിനും ബോളൻഡിനുമെതിരെ നിര്‍ഭയം ബാറ്റ് വീശിയ ആത്മവിശ്വാസം നിതീഷിന്റെ ബാറ്റിനുമുണ്ടാകും. ഫിനിഷിങ് ജോലികള്‍ ഇരുവരുടേയും കൈകളിലൊതുങ്ങും. ഹെഡ് മുതല്‍ നിതീഷ് വരെയുള്ള നിരയിലെല്ലാവ‍ര്‍ക്കും ഒറ്റയ്ക്ക് ജയം തട്ടിയെടുക്കാനുള്ള കെല്‍പ്പുണ്ട്. എല്ലാവരും ക്ലിക്കാകണമെന്നില്ല, രണ്ട് പേര്‍ ഫോമിലേക്ക് ഉയര്‍ന്നാല്‍ പോലും ബൗളര്‍മാര്‍ക്ക് നരകമായിരിക്കും. സ്കോര്‍ബോര്‍ഡ് എത്രതവണ 250 കടക്കുമെന്ന് കാത്തിരുന്ന് കാണാം. 

ഇനി ബൗളിങ് നിരയിലേക്ക് വരാം. 2024 സീസണിന്റെ ഫൈനലില്‍ കൊല്‍ക്കത്തയ്ക്കെതിരെ ചെറിയ സ്കോര്‍ പ്രതിരോധിക്കാനുള്ള മരുന്ന് ഹൈദരാബാദിന്റെ പക്കലില്ലായിരുന്നു. കമ്മിൻസ് മാത്രമായിരുന്നു ലോകക്രിക്കറ്റില്‍ ഇപ്പോഴും ഇടമുള്ളൊരു താരം. ഒപ്പമുണ്ടായിരുന്ന ഭുവനേശ്വര്‍ കുമാറും നടരാജനും അത്രശോഭിച്ചില്ല. മാർക്കൊ യാൻസണിന്റെ അഭാവവും തിരിച്ചടിയായി. പക്ഷേ, ഇത്തവണ ഓസീസ് നായകനൊപ്പം രോഹിത് ശര്‍മയുടെ മൂര്‍ച്ചയേറിയ ആയുധവുമുണ്ട്, മുഹമ്മദ് ഷമിയെന്ന ബിഗ് ഗെയിം പ്ലെയര്‍. 

ഒരുസീസണിന്റെ ഇടവേളയും പരുക്കിന്റെ പിടിയില്‍ നിന്നുള്ള മടങ്ങിവരവും, ഷമിക്ക് ഈ വര്‍ഷം തെളിയിക്കാനേറെയുണ്ട്. ഷമി പൂര്‍ണമായും തന്റെ താളത്തിലെത്തിയോ എന്നതില്‍ സംശയമുണ്ട്. ചാമ്പ്യൻസ് ട്രോഫിയില്‍ വിക്കറ്റ് വീഴ്ത്തിയെങ്കിലും തന്റെ നിലവാരത്തിനൊപ്പം ഉയരാൻ ഷമിക്ക് കഴിഞ്ഞിരുന്നില്ല. ഷമിക്കൊപ്പം ഹര്‍ഷല്‍ പട്ടേലും എത്തുമ്പോള്‍ ഹൈദരാബാദിന്റെ പേസ് നിര സെറ്റാണ്. 2023ലെ പര്‍പ്പിള്‍ ക്യാപ് വിന്നറാണ് ഷമി, കഴിഞ്ഞ തവണ  ഹര്‍ഷലായിരുന്നു ഒന്നാമതെത്തിയത്.

ജയദേവ് ഉനദ്കട്ടും ഒരു ഓപ്ഷനായി ഹൈദരാബാദിന് മുന്നിലുണ്ട്. കഴിഞ്ഞ സീസണില്‍ ഷഹബാസ് അഹമ്മദായിരുന്നു പ്രധാന സ്പിന്നര്‍. രണ്ടാം സ്പിന്നറായി പലപ്പോഴും എത്തിയത് എയ്ഡൻ മാര്‍ക്രവും അഭിഷേക് ശര്‍മയുമായിരുന്നു. ആദം സാമ്പയ്ക്കും രാഹുല്‍ ചഹറിനും ഓറഞ്ച് ജേഴ്സി നല്‍കി അതിനും ഒരു തീരുമാനമാക്കിയിട്ടുണ്ട്. ലെഗ് സ്പിന്നര്‍മാരായ ഇരുവര്‍ക്കും ഹൈദരാബാദിന്റെ മുന്നേറ്റത്തില്‍ കൃത്യമായ പങ്കുവഹിക്കാനുണ്ട്. 

ചേരുവകകള്‍  എല്ലാമുണ്ട്, എല്ലാം ഒത്തിണങ്ങി വന്നാല്‍ രണ്ടാം കിരീടം ഹൈദരാബദിലേക്ക് കൊണ്ടുപോകാം.

By admin