മാന്നാർ: ചുട്ടു പൊള്ളുന്ന വേനലിൽ മനം കുളിർപ്പിക്കുന്ന തണ്ണിമത്തൻ സ്വന്തമായി കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തതിന്റെ സന്തോഷത്തിലാണ് ദമ്പതികൾ. വീയപുരം പൊലീസ് സ്റ്റേഷനിലെ എ എസ്ഐ മാന്നാർ വിഷവർശ്ശേരിക്കര പട്ടരുമഠത്തിൽ ബാലകൃഷ്ണനും ഭാര്യ മാന്നാർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെംബറുമായ ശാന്തിനി ബാലകൃഷ്ണനുമാണ് കൃഷിക്ക് പിന്നിൽ. തണ്ണിമത്തൻ കൂടാതെ പയർ, പടവലം, ചീര, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും ഇവരുടെ കൃഷിയിടത്തിലുണ്ട്. ഇവരുടെ ബന്ധുവും കുടുംബ സുഹൃത്തുമായ വിഷവർശേരിക്കര പുത്തേത്ത് ലാലുവാണ് കൃഷിക്ക് വേണ്ട സഹായങ്ങൾ നൽകി വരുന്നത്.
സുഹൃത്ത് വാന്യത്ത് തെക്കേതിൽ ഉണ്ണികൃഷ്ണന്റെ 80 സെന്റുൾപ്പെടെ ഒരേക്കറോളം സ്ഥലത്താണ് ഇവരുടെ ജൈവകൃഷി. ഒപ്പം നാലേക്കർ പാടത്ത് നെൽകൃഷിയും. പരമ്പരാഗത നെൽ കർഷകനായ ബാലകൃഷ്ണൻ കഴിഞ്ഞ വർഷം മുതലാണ് തണ്ണിമത്തൻ ഉൾപ്പെടെയുള്ള മറ്റ് കൃഷികളിലേക്ക് തിരിഞ്ഞത്. മാവേലിക്കര ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വഴി ഓൺലൈനായി വാങ്ങിയ കിരൺ തണ്ണിമത്തൻ വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. എഎസ്ഐ ബാലകൃഷ്ണന്റെ തണ്ണിമത്തൻ കൃഷിക്ക് ഏറെ സഹായകരമായത് മാന്നാർ കൃഷിഭവന്റെ നിർദ്ദേശപ്രകാരമുള്ള കൃത്യത കൃഷി സമ്പ്രദായമാണ്.
സവിശേഷമായ ഈ കൃഷി രീതി മാന്നാർ കൃഷിഭവന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെയാണ് ബാലകൃഷ്ണൻ തന്റെ കൃഷിയിടത്തിൽ നടപ്പിലാക്കിയത്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൃഷിയിടത്തിന്റെ പ്രദേശികവും കാലികവുമായ വ്യതിയാനങ്ങള്‍ മനസിലാക്കി അവയെ സമന്വയിപ്പിച്ച് ശാസ്ത്രീയമായി ചെയ്യുന്ന കൃഷി രീതിയാണിത്. കഴിഞ്ഞ ദിവസം തണ്ണി മത്തന്റെ വിളവെടുപ്പ് ഉദ്ഘാടനം മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി നിർവഹിച്ചു. 2018 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായിട്ടുള്ള ബാലകൃഷ്ണൻ ഡ്യൂട്ടി സമയം കഴിഞ്ഞാൽ കൃഷിയിടത്തിലായിരിക്കും കൂടുതൽ സമയവും. ചെങ്ങന്നൂർ വിഎച്ച്എസ്ഇ യിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ ദേവീ കൃഷ്ണ ഏക മകളാണ്.