സുദീക്ഷയുടേതെന്ന് കരുതുന്ന വസ്ത്രം ബീച്ചിൽ കണ്ടെത്തി, കടലിലിറങ്ങും മുമ്പേ അഴിച്ചുവെച്ചതെന്ന് നി​ഗമനം

ദില്ലി: ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ബീച്ചിൽ ഒരാഴ്ച മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥി സുദീക്ഷ കൊണങ്കിയുടേതെന്ന് കരുതുന്ന വസ്ത്രം കടൽതീരത്തുനിന്ന് കണ്ടെത്തി. വെളുത്ത നെറ്റഡ് സരോങ്ങും ബീജ് നിറത്തിലുള്ള ഫ്ലിപ്പ്-ഫ്ലോപ്പുകളുമാണ് ലോഞ്ച് ചെയറിൽ നിന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതായും അലങ്കോലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അന്വേഷണ സംഘം പറയുന്നു.

സുദീക്ഷ ബിക്കിനി ധരിച്ച് കടലിലിറങ്ങും മുമ്പ് വസ്ത്രങ്ങൾ കസേരയിൽ വെച്ചതാകാമെന്നും അധികൃതർ കരുതുന്നു. പിറ്റ്സ്ബർഗ് സർവകലാശാലയിലെ വിദ്യാർത്ഥിനിയായ കൊണങ്കിയെ മാർച്ച് 6 ന് പുലർച്ചെയാണ് കാണാതായത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിനാണ് ഇവർ എത്തിയത്. നിരീക്ഷണ ദൃശ്യങ്ങളിൽ അവർ സുഹൃത്തുക്കളോടൊപ്പം ബീച്ചിലേക്ക് നടക്കുന്നത് കാണാം. മറ്റുള്ളവർ പിന്നീട് ഹോട്ടലിലേക്ക് മടങ്ങി. മിനസോട്ടയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സീനിയറായ 22 വയസ്സുകാനായ റഷ്യൻ പൗരനായ ജോഷ്വ റീബിനൊപ്പമാണ് അവസാനമായി കണ്ടത്.  

അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു സുദീക്ഷ എത്തിയത്. സുദീക്ഷയുടെ കുടുംബത്തെ വിവരമറിയിച്ചെന്നും അധികൃതർ അറിയിച്ചു. ഡൊമിനിക്കൻ സിവിൽ ഡിഫൻസ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതാകുമ്പോൾ അവർ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. 2006 മുതൽ യുഎസിൽ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം. 

By admin

You missed