രണ്ടക്കം കടന്നത് 3 പേര്‍ മാത്രം, തകർന്നടിഞ്ഞ് പാകിസ്ഥാൻ, ന്യൂസിലന്‍ഡിനെതിരെ നാണംകെട്ട തോൽവി

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് നാണംകെട്ട തോല്‍വി. ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെ പുറത്തിരുത്തി ഇറങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 18.4 ഓവറില്‍ 91 റണ്‍സിന് ഓള്‍ ഔട്ടായപ്പോൾ 10.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യത്തിലെത്തി. ടിം സീഫര്‍ട്ട് 44 റണ്‍സടിച്ചപ്പോള്‍ ഫിന്‍ അലന്‍ 29 റണ്‍സുമായും ടിം റോബിന്‍സണ്‍ 18 റണ്‍സുമായും പുറത്താകാതെ നിന്നു.

32 റണ്‍സെടുത്ത കുഷ്ദില്‍ ഷായും 18 റണ്‍സെടുത്ത ക്യാപ്റ്റൻ സല്‍മാന്‍ ആഗയും 17 റണ്‍സെടുത്ത ജഹ്നാദ് ഖാനും മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത പാക് നിരയില്‍ രണ്ടക്കം കടന്നത്. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫി 14 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ കെയ്ല്‍ ജമൈസണ്‍ 8 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. സ്കോര്‍ പാകിസ്ഥാന്‍ 18.4 ഓവറില്‍ 91ന് ഓള്‍ ഔട്ട്, ന്യൂസിലന്‍ഡ് 10.1 ഓവറില്‍ 92-1.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പാകിസ്ഥാന് സ്കോര്‍ ബോര്‍ഡില്‍ റണ്‍സെത്തും മുമ്പെ ഓപ്പണര്‍മാരായ മുഹമ്മദ് ഹാരിസിനെയും ഹസന്‍ നവാസിനെയും നഷ്ടമായി. ക്യാപ്റ്റൻ സല്‍മാന്‍ ആഗ പിടിച്ചു നിന്നെങ്കിലും ഇര്‍ഫാന്‍ ഖാനും(1), ഷദാബ് ഖാനും(3) കൂടി പുറത്തായതോടെ പാകിസ്ഥാന്‍ പവര്‍ പ്ലേയില്‍ 14-4ലേക്ക് കൂപ്പുകുത്തി. പിന്നീട് കുഷ്ദിലും ആഗ സല്‍മാനും ചേര്‍ന്ന് പാകിസ്ഥാനെ 50 കടത്തിയെങ്കിലും സല്‍മാന്‍ ആഗയെ ഇഷ് സോധി മടക്കി. പിന്നാലെ അബ്ദുള്‍ സമദും(7) പുറത്തായി.

ജഹ്നാദ് ഖാനും കുഷ്ദിലും പ്രതീക്ഷ നല്‍കിയെങ്കിലും അധികം നീണ്ടില്ല. 20 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാതെ പാകിസ്ഥാന്‍ കൂടാരം കയറി. മറുപടി ബാറ്റിംഗില്‍ ടിം സീഫര്‍ട്ട്(29 പന്തില്‍ 44) തകര്‍പ്പന്‍ തുടക്കമിട്ടതോടെ ന്യൂസിലന്‍ഡിന്‍റെ വിജയം എളുപ്പമായി. സീഫര്‍ട്ടിനെ അബ്രാര്‍ അഹമ്മദ് പുറത്താക്കിയെങ്കിലും ഫിന്‍ അലനും ടിം റോബിന്‍സണും ചേര്‍ന്ന് കിവീസ് ജയം പൂര്‍ത്തിയാക്കി. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച ഡുനെഡിനില്‍ നടക്കും. ചാമ്പ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പ്രമുഖ താരങ്ങളെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ചാമ്പ്യൻസ് ട്രോഫി ഫൈനല്‍ കളിച്ച ടീമിലെ പ്രമുഖ താരങ്ങള്‍ക്ക് ന്യൂസിലന്‍ഡ് വിശ്രമം അനുവദിച്ചപ്പോള്‍ മൈക്കല്‍ ബ്രേസ്‌വെല്ലാണ് കിവീസിനെ നയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin