മാര്‍ക്ക് കാർണി പണി തുടങ്ങി, അമേരിക്കയുടെ എഫ്-35 വിമാനങ്ങൾ വേണ്ട, പകരം അന്വേഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രി
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര തർക്കത്തിനിടെ, യുഎസ് നിർമ്മിത എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾക്ക് പകരം അന്വേഷിക്കുകയാണെന്ന് കനഡേയിൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പറഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ മന്ത്രിസഭ തീരുമാന പ്രകാരമാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് പകരം അന്വേഷിക്കുന്നത്. കാനഡയിൽ നിന്ന് വരുന്ന ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25% തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് കാനഡയുടെ തീരുമാനം. കനേഡിയൻ വ്യോമസേനക്ക് വേണ്ടത് F-35 യുദ്ധവിമാനങ്ങളായിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ മറ്റ് ബദലുകളും ഞങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് ബ്ലെയർ സിബിസിയോട് പറഞ്ഞു.
എഫ്-35 ജെറ്റുകൾ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കുമെന്ന് പോർച്ചുഗൽ സൂചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കാനഡയും രംഗത്തെത്തിയത്. ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിലും ട്രംപ് ഇന്ത്യയ്ക്ക് സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. 2023-ൽ, കനേഡിയൻ സർക്കാർ ലോക്ക്ഹീഡ് മാർട്ടിനുമായി 88 ജെറ്റുകൾക്കായി 19 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചിരുന്നു. ട്രംപിന്റെ ലയന ഭീഷണിക്കിടെ, 2026-ൽ വിതരണം ചെയ്യേണ്ട 16 ജെറ്റുകളുടെ ആദ്യ ബാച്ചിന് ഇതിനകം പണം നൽകി.
കാർണി മന്ത്രിസഭയിൽ പ്രതിരോധ മന്ത്രി സ്ഥാനം നിലനിർത്തിയ ബ്ലെയർ, ആദ്യ ബാച്ച് ജെറ്റുകൾ സ്വീകരിക്കാമെന്നും ബാക്കിയുള്ളവ സ്വീഡിഷ് നിർമ്മിത സാബ് ഗ്രിപെൻ പോലുള്ള യൂറോപ്യൻ നിർമ്മാതാക്കളെ പരിഗണിക്കാമെന്നും പറഞ്ഞു. പ്രധാനമന്ത്രി എന്നോട് കാര്യങ്ങൾ പരിശോധിക്കാനും മറ്റ് സ്രോതസ്സുകളുമായി ചർച്ച നടത്താനും ആവശ്യപ്പെട്ടു. എഫ്-35 ജെറ്റുകളുടെ അറ്റകുറ്റപ്പണികൾ, ഓവർഹോൾ, സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ എന്നിവയെല്ലാം യുഎസിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം, യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് (ജിഎഒ) പുറത്തിറക്കിയ ഒരു റിപ്പോർട്ട് പ്രകാരം എഫ്-35 ന്റെ ചെലവ് കൂടുതലാണെന്നും പ്രകടനത്തിൽ അപാകതയുണ്ടെന്നും ചൂണ്ടിക്കാണിച്ചിരുന്നു.