മലയാളി സംവിധായകന്‍റെ ബോളിവുഡ് ചിത്രം; ബോക്സ് ഓഫീസില്‍ മിന്നിയോ ‘ഡിപ്ലോമാറ്റ്’? ആദ്യ 2 ദിനങ്ങളില്‍ നേടിയത്

ഈ വാരം തിയറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രമാണ് ജോണ്‍ എബ്രഹാം നായകനായ ദി ഡിപ്ലോമാറ്റ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ ശിവം നായര്‍ ആണ്. നാം ഷബാന അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം അന്നേ ദിവസം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 4  കോടി (നെറ്റ്) ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച വലിയ ഉയര്‍ച്ച ഉണ്ടാക്കിയില്ലെങ്കിലും കളക്ഷനില്‍ ഡ്രോപ്പ് സംഭവിച്ചില്ല. 4.5 കോടിയാണ് ശനിയാഴ്ച നേടിയ കളക്ഷന്‍. അങ്ങനെ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി 8.5 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് വലിയ പ്രതീക്ഷ പകരുന്ന കണക്കുകളല്ല ഇതെങ്കിലും ചിത്രത്തിന്‍റെ ജോണര്‍ പരിഗണിക്കുമ്പോള്‍ മോശം കളക്ഷനല്ല ഇതെന്ന് പറയേണ്ടിവരും. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റേതാണ് കണക്കുകള്‍. 

ഇസ്ലാമാബാദിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരിക്കെ ജെ പി സിംഗ് ഇടപെട്ട ഒരു യഥാര്‍ഥ സംഭവമാണ് ദി ഡിപ്ലോമാറ്റ് എന്ന ചിത്രത്തിന് ആധാരം. ജെ പി സിംഗ് ആയാണ് ജോണ്‍ എബ്രഹാം ചിത്രത്തില്‍ എത്തുന്നത്. ജെ പി സിംഗ് പാകിസ്ഥാനിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരിക്കുന്ന 2017 കാലത്ത് ഉസ്മ അഹമ്മദ് എന്ന ഇന്ത്യന്‍ യുവതി ഹൈക്കമ്മീഷന്‍റെ സഹായം തേടി എത്തുകയായിരുന്നു. ഓണ്‍ലൈനില്‍ പരിചയപ്പെട്ട തഹെര്‍ അലി എന്ന പാക് യുവാവ് ഗണ്‍ പോയിന്‍റില്‍ നിര്‍ത്തി തന്നെ വിവാഹം കഴിച്ചുവെന്നായിരുന്നു ഉസ്മയുടെ ആരോപണം. സംഭവം ശരിയാണെന്ന് മനസിലാക്കിയ ജെ പി സിംഗിന്‍റെ സമയോചിതമായ ഇടപെടല്‍ ഉസ്മയെ സുരക്ഷിതയായി ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. രണ്ട് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധത്തില്‍ പ്രശ്നമാകാന്‍ പോലും സാധ്യതയുണ്ടായിരുന്ന ഒരു സംഭവം അങ്ങനെ ആവാതെ പരിഹരിച്ചതില്‍ ജെ പി സിംഗിന്‍റെ ഇടപെടലാണ് നിര്‍ണ്ണായകമായത്. നിലവില്‍ ഇസ്രയേലിലെ ഇന്ത്യന്‍ അംബാസിഡറാണ് അദ്ദേഹം.

ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; ‘രണ്ടാം മുഖം’ ഏപ്രിലില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin