പ്രതീക്ഷ അവസാനിച്ചില്ല, സന്ദീപിന്‍റെയും അനുവിന്‍റെയും ദുരിതം എംഎ യൂസഫലി അറിഞ്ഞു; 10 ലക്ഷം ചികിത്സക്കായി നൽകും

പ്രതീക്ഷ അവസാനിച്ചില്ല, സന്ദീപിന്‍റെയും അനുവിന്‍റെയും ദുരിതം എംഎ യൂസഫലി അറിഞ്ഞു; 10 ലക്ഷം ചികിത്സക്കായി നൽകും

കൊച്ചി: വൃക്ക രോഗത്തെ മറി കടക്കാൻ ജീവിത ദുരിതങ്ങളോട് പടവെട്ടുന്ന സ്വദേശി സന്ദീപിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. സന്ദീപിന്‍റെ ചികിത്സക്കായി 10 ലക്ഷം രൂപ നൽകുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം സന്ദീപിന്‍റെ ദുരവസ്ഥയെക്കുറിച്ചുള്ള ഏഷ്യനെറ്റ് ന്യൂസ് വാർത്ത അബുദാബിയിൽവെച്ച്  ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി കണ്ടിരുന്നു. ഇതോടെയാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്ന സന്ദീപിനും കുടുംബത്തിനും ജീവിതത്തിൽ വഴിത്തിരവായി യൂസഫ് അലിയുടെ സഹായമെത്തുന്നത്.

പ്രണയിച്ച് വിവാഹിതരായ അനുവും സന്ദീപുമാണ്, സന്ദീപിന് വൃക്കരോഗം പിടിപെട്ടതോടെ പ്രതിസന്ധിയിലായത്. കുടുംബത്തിന്റെ ഏക ആശ്രയമായ 38 കാരനായ സന്ദീപിന്റെ ഇരു വൃക്കകളും തകരാറിലാണ്. ഉടനെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയെങ്കിൽ മാത്രമേ കുടുംബത്തിന് മുന്നോട്ട് പോകാനാകൂ. ഒരുമിച്ച് ജീവിതം തുടങ്ങി ഏറെ നാൾ കഴിയും മുമ്പാണ് സന്ദീപിന്‍റേയും അനുവിന്‍റെയും ജീവിതത്തിൽ വില്ലനായി വൃക്ക രോഗമെത്തുന്നത്.   ജീവൻ പിടിച്ചുനി‍ർത്താൻ കഴിഞ്ഞ ഡിസംബർ മുതൽ, ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടക്കുകയാണ്. 

ശാശ്വതപരിഹാരം വൃക്കമാറ്റിവയ്ക്കലെന്നറിഞ്ഞതോടെ, ജീവന്‍റെ പാതിയായ അനു വൃക്കകളിലൊന്ന് സന്ദീപിന് പകുത്തുനൽകാൻ തയ്യാറായി. എന്നാൽ അവിടെയും പ്രതിസന്ധി രൂപപ്പെട്ടു. അവസാനത്തെ സ്കാനിംഗിൽ അനുവിന്‍റെ വൃക്ക സന്ദീപിന് യോജിച്ചതല്ലെന്ന് കണ്ടെത്തി.  പുതിയ ദാതാവിനെ കണ്ടെത്തിയാൽ ജീവിതം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ശസ്ത്രക്രിയയ്ക്ക് മാത്രം വേണ്ടത് പതിനഞ്ച് ലക്ഷം രൂപയാണ്. അനുവിന്‍റെയും സന്ദീപിന്‍റേയും ദുരിതമറിഞ്ഞതോടെ ലുലു ഗ്രൂപ്പ് സഹായവുമായെത്തുകയായിരുന്നു.

അതേസമയം വൃക്കമാറ്റിവച്ചാൽ ചുരുങ്ങിയത് ഒരുവ‍ർഷക്കാലം വിശ്രമം വേണം. ജ്വല്ലറിയിൽ സെയിൽസ്മാനായ സന്ദീപ് ഇപ്പോൾ ജോലിക്ക് പോകുന്നില്ല. സന്ദീപിനെ പരിചരിക്കാൻ അനുവും ജോലിയുപേക്ഷിച്ചു. അന്നത്തെ ചെലവിനുളള വക കണ്ടെത്തുക പോലും വലിയ ചോദ്യമാണ് ഇരുവർക്കും. പ്രണയവിവാഹമായതിനാൽ അനുവിന്‍റെ വീട്ടുകാർ ഇപ്പോഴും ഇവരുമായി അടുപ്പത്തിലല്ല. ആകേയുളള കൈത്താങ്ങ് ചങ്ക് പറിച്ചു നൽകുന്ന കൂട്ടുകാർ മാത്രമാണ്. പക്ഷേ ചികിത്സാച്ചെലവിനുമുൾപ്പെടെുളള ഭാരിച്ചതുക ഇവരുടെ കഴിവിന്‍റെ പരിധിക്ക് പുറത്താണ്. സന്ദീപിനും അനുവിനും മുറിഞ്ഞുപോയ സ്വപ്നങ്ങൾ തുന്നിച്ചേർക്കണം. അതിന് വേണ്ടത് സുമനസ്സുകളുടെ സഹായമാണ്.

പ്രതീക്ഷ അവസാനിച്ചില്ല, സന്ദീപിന്‍റെയും അനുവിന്‍റെയും ദുരിതം എംഎ യൂസഫലി അറിഞ്ഞു; 10 ലക്ഷം ചികിത്സക്കായി നൽകും

Read More : ആദ്യം ചേച്ചി, പിന്നാലെ ഇളയ മകൾക്കും അപൂർവരോഗം; ചികിത്സക്ക് വീട്ടിലെ മേശയും കസേരയും വരെ വിറ്റു, നെഞ്ചുനീറി അമ്മ

By admin