പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ
കുവൈത്ത് സിറ്റി: പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ മോസ്‌ക് സെക്ടർ ഡിപ്പാർട്ട്‌മെൻ്റ്, ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ഇത് സംബന്ധിച്ച നിര്‍ദേശം നൽകിയിട്ടുണ്ട്.
തങ്ങളുടെ യാത്രാ പെർമിറ്റുകൾ പുതുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പള്ളിയിലെ പ്രവാസി തൊഴിലാളികളെ അറിയിക്കണമെന്നാണ് ഓര്‍മ്മപ്പെടുത്തല്‍. വിദേശത്തേക്ക് യാത്ര ചെയ്യാൻ പ്രവാസികൾ മുമ്പ് ഉപയോഗിച്ചിരുന്ന എക്സിറ്റ് പെർമിറ്റ് രേഖ, കടൽ, കര അതിർത്തികൾ ഉൾപ്പെടെയുള്ള എല്ലാ പ്രവേശന കവാടങ്ങളിലും നിർത്തലാക്കിയതായി മോസ്‌ക് സെക്ടർ വ്യക്തമാക്കി. ഈ പ്രിൻ്റ് ചെയ്ത പെർമിറ്റ് ഇനി സാധുതയുള്ളതല്ല. സഹേൽ ആപ്പ് വഴി ലഭ്യമായ ഡിജിറ്റൽ എക്സിറ്റ് പെർമിറ്റ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യാത്ര ചെയ്യുന്ന തീയതികൾക്ക് വളരെ മുമ്പുതന്നെ പ്രവാസികൾ അവരുടെ എക്സിറ്റ് പെർമിറ്റുകൾ നേടണമെന്ന് സർക്കുലറില്‍ വ്യക്കമാക്കിയിട്ടുണ്ട്.