ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്‌കാസ്റ്റ് അഭിമുഖം പുറത്ത്. അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിലാണ് മൂന്നേകാൽ മണിക്കൂറോളം മോദി സംസാരിച്ചത്. മോദിയെന്ന പേരല്ല ഇന്ത്യൻ ജനതയാണ് തൻ്റെ കരുത്തെന്ന് പറഞ്ഞ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡൻ്റിനെ അസാമാന്യ ധീരനെന്ന് വാഴ്ത്തി. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് ആദ്യമായി നിരാഹാരം അനുഷ്ഠിച്ചതെന്നും അഭിമുഖത്തിൽ മോദി പറഞ്ഞു.
വിമർശനം ജനാധിപത്യത്തിന്റെ കാതലാണെന്നാണ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. എല്ലാ വിമർശനങ്ങളെയും താൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ 140 കോടി ജനങ്ങളാണ് തന്റെ കരുത്ത്. സമാധാന ശ്രമങ്ങൾക്കുള്ള അവസരം ഉത്തരവാദിത്തത്തോടെയും, സന്തോഷത്തോടെയും ഏറ്റെടുക്കും. ഡോണൾഡ് ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തിയാണ്. പരസ്പര വിശ്വാസവും, സുശക്തമായ ബന്ധവും താനും ട്രംപും തമ്മിലുണ്ട്. ഹൗഡി മോദി പരിപാടി മുതൽ തനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രചാരണത്തിനിടെ വെടിയേറ്റപ്പോഴും നിശ്ചയദാർഢ്യം ട്രംപിൽ കണ്ടു. ഇന്ത്യ ആദ്യം എന്ന തൻ്റെ മുദ്രാവാക്യം പോലെയാണ് ട്രംപിൻ്റെ അമേരിക്ക ആദ്യം എന്ന നയമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
മാധ്യമങ്ങളുടെ വിലയിരുത്തലുകളാണ് പലപ്പോഴും ജനം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനം നേരിട്ട് കാര്യങ്ങൾ മനസിലാക്കുന്നില്ല. മൂന്നാം കക്ഷിയുടെ ഇടപെടലാണ് പലപ്പോഴും കാര്യങ്ങൾ പ്രശ്നമുള്ളതാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുട്ടിക്കാലത്ത് ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് ആദ്യമായി താൻ നിരാഹാരം അനുഷ്ഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം കേവലം ഭക്ഷണം ഒഴിവാക്കുന്നതിനപ്പുറം നിരാഹാരത്തിന് പ്രത്യേകതകളുണ്ടെന്ന് മനസിലാക്കി. ഇതിന് ശേഷം പല പരീക്ഷണങ്ങളിലൂടെ തന്റെ ശരീരത്തെയും മനസിനെയും താൻ ശുദ്ധീകരിച്ചു. ജൂൺ മാസം പകുതി മുതൽ നവംബർ ദീപാവലി വരെ നാലര മാസത്തോളം താൻ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് വൃതം നോൽക്കാറുണ്ട്. ഇത് പൗരാണിക കാലം തൊട്ട് ഇന്ത്യയിൽ ജനങ്ങൾ പാലിക്കുന്ന ശീലമാണെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു.