ജോഗിങ് വേണ്ട, ക്ലോക്ക് വൈസ് മാത്രം നടക്കുക: പാർക്കിലെ വിചിത്രമായ നിയമങ്ങൾ
ബെംഗളൂരുവിലെ ഒരു പാർക്കിലെ അസാധാരണമായ നിയമങ്ങളെ കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയാ പോസ്റ്റ് ഇപ്പോൾ ഓൺലൈനിൽ രസകരമായ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ജോഗിംഗ് പാടില്ല, ക്ലോക്ക് വൈസ് മാത്രം നടക്കുക, കളികൾ വേണ്ട എന്നിങ്ങനെയുള്ള നിയമങ്ങളാണ് ഈ പാർക്കിൽ പ്രദർശിപ്പിച്ചിരിക്കുന്നതായി സോഷ്യൽ മീഡിയാ പോസ്റ്റിൽ പറയുന്നത്.
ബെംഗളൂരുവിൽ നിന്നുള്ള ഷഹാന എന്ന യൂസറാണ് ഇന്ദിരാനഗർ പാർക്കിലെ ഒരു ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിയന്ത്രണങ്ങളുടെ ഫോട്ടോ തൻ്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ആരാണ് നടപ്പിലാക്കിയത് എന്ന് അത്ഭുതം പ്രകടിപ്പിച്ച അവർ പാർക്കിൽ ജോഗിംഗ് നിരോധിക്കുന്നതിന് പിന്നിലെ യുക്തിയെ ചോദ്യം ചെയ്യുകയും ചെയ്തു. അടുത്തതായി ഇവിടെ വരാൻ പോകുന്നത് പാശ്ചാത്യവസ്ത്രങ്ങളുടെ നിരോധനം ആയിരിക്കുമോ എന്നും പരിഹാസരൂപേണ ചോദിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ പരിമിതമായ പൊതുവിടങ്ങളും നിലവിലുള്ള പാർക്കുകളുടെ അമിത നിയന്ത്രണവും പോസ്റ്റ് എടുത്തുകാണിച്ചു. ഇത്തരം വിചിത്രമായ നിയമങ്ങൾ നടപ്പിലാക്കുന്ന അധികാരികളെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ് വൈറൽ ആയതോടെ നിരവധി പേരാണ് ബെംഗളൂരു നഗരത്തിൽ പൊതുവിടങ്ങൾ ഇല്ലാത്ത അവസ്ഥ ചൂണ്ടിക്കാട്ടിയത്. കൂടാതെ, ഉള്ള സ്ഥലങ്ങളിൽ അതിന്റെ നടത്തിപ്പുകാർ പൊലീസ് ചമയുന്നതിനെയും പലരും വിമർശിച്ചു.
You have got to be joking right? No jogging in Indiranagar park?What’s next, no Western clothes in parks?
What have joggers ever done to parks?
The lack of public spaces is one problem in Bangalore but another one no one speaks about is the policing of the existing public spaces… pic.twitter.com/00SkiVrk6k— Sahana (@sahana_srik) March 13, 2025
അതേസമയം, ചില പ്രതികരണങ്ങൾ കൂടുതൽ യുക്തിസഹമായിരുന്നു. പാർക്കിനുള്ളിലെ ഇടുങ്ങിയ പാതകളിലെ തിരക്ക് കുറയ്ക്കാൻ ആയിരിക്കാം ഒറ്റദിശയിൽ മാത്രം നടക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത് എന്ന് ചിലർ അഭിപ്രായപ്പെട്ടു. പാർക്കിന്റെ മുഴുവൻ ചുറ്റളവ് 200 മീറ്റർ ആണെന്നും സ്ഥലപരിമിതി മൂലം ആയിരിക്കാം ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നതെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.