ജയിലിലേക്ക് മാറ്റും മുമ്പേ ചോദിച്ചത് ഒരു സിഗരറ്റ് മാത്രം, യാതൊരു കൂസലുമില്ലാതെ അലക്സേജ് ബെസിക്കോവ്
ദില്ലി: തിരുവനന്തപുരത്ത് നിന്നും കേരള പൊലീസ് പിടികൂടിയ രാജ്യാന്തര കുറ്റവാളി അലക്സേജ് ബെസികോവിനെ അമേരിക്കക്കക്ക് കൈമാറാനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം ചൊവ്വാഴ്ച തുടങ്ങും. സിബിഐ ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും. ക്രിപ്റ്റോ കേസടക്കം വ്യാജമാണെന്നും അമേരിക്കയ്ക്ക് കൈമാറരുതെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. അതേസമയം, യാതൊരു ഭാവഭേതവുമില്ലാതെ, അലക്സേജ് കേരള പൊലീസിനോട് പൂർണമായും സഹകരിക്കുകയും ജയിലിലേക്ക് മാറ്റും മുൻപ് ഒരു സിഗരറ്റ് ചോദിക്കുകയും ചെയ്തു.
വർക്കലയിൽനിന്നും പിടിയിലായ രാജ്യാന്തര ക്രിപ്റ്റോ തട്ടിപ്പ് കേസ് പ്രതി അലക്സേജ് ബെസിക്കോവിനെ അമേരിക്കയ്ക്ക് കൈമാറാനാണ് ചൊവ്വാഴ്ച സിബിഐയുടെ ഇന്റർപോൾ വിഭാഗം അനുമതി തേടുക. ഇന്നലെയാണ് കേരള പൊലീസ് ദില്ലി പട്യാല ഹൗസ് കോടതിയിൽ പ്രതിയെ ഹാജരാക്കിയത്. എസിജെഎം രണ്ടാം കോടതി ചൊവ്വാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡയിലയച്ച പ്രതി ഇപ്പോൾ തിഹാറിലെ നാലാം നമ്പർ ജെയിലിലാണുള്ളത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ രണ്ട് അഭിഭാഷക സംഘങ്ങളാണ് അലക്സേജിനായി കോടതിയിലെത്തിയത്. റഷ്യൻ ഭാഷ തർജമ ചെയ്യാനും ഒരാൾ ഇവരോടൊപ്പമുണ്ടായിരുന്നു.
അലക്സേജിനെതിരെ ഇന്ത്യയിൽ കേസൊന്നുമില്ലെന്നും അമേരിക്ക പറയുന്ന ക്രിപ്റ്റോ കേസ് വ്യാജമാണെന്നും, അതിനാൽ അമേരിക്കയ്ക്ക് കൈമാറരുതെന്നുമാണ് അഭിഭാഷകർ വാദിച്ചത്. എന്നാൽ കോടതി ഈ വാദം പരിഗണിച്ചില്ല. ആവശ്യമെങ്കിൽ വാറണ്ട് ഇഷ്യൂ ചെയ്ത ഒന്നാം കോടതി കേസ് പരിഗണിക്കുമ്പോൾ വാദം അവതരിപ്പിക്കാമെന്നും നിർദേശിച്ചു. വർക്കലയിലെ വാടകവീട്ടിൽനിന്നും ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത 2 ലാപ്ടോപ്പുകൾ, 4 മൊബൈൽഫോണുകൾ, 1 ലക്ഷം രൂപയുടെ ഇന്ത്യൻ നോട്ടുകൾ, റൂബിളടക്കമുള്ള വിദേശ കറൻസികൾ എന്നിവ നാളെ ഒന്നാം കോടതിയിൽ ദില്ലിയിൽ തുടരുന്ന കേരള പൊലീസ് സംഘം ഹാജരാക്കും. ക്രിപ്റ്റോ കേസിലെ നിർണായക തെളിവുകൾ ഈ ലാപ്ടോപ്പിലാണുള്ളത്.