തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള സംവിധായകരില്‍ പ്രധാനിയാണ് ലോകേഷ് കനകരാജ്. കൈതിയിലൂടെ ബോക്സ് ഓഫീസ് വിജയങ്ങളുടെ വഴിയിലേക്ക് എത്തിയ ലോകേഷ് വിക്രം, ലിയോ എന്നീ അവസാന ചിത്രങ്ങളിലൂടെ അതിന്‍റെ പകിട്ട് വര്‍ധിപ്പിക്കുകയും ചെയ്തു. കൗതുകമുയര്‍ത്തുന്ന മറ്റൊരു ചിത്രത്തിന്‍റെ പണിപ്പുരയിലാണ് നിലവില്‍ ലോകേഷ് കനകരാജ്. കരിയറില്‍ ആദ്യമായി രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയാണ് അത്. ലോകേഷും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കോളിവുഡില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഹൈപ്പ് എത്രത്തോളമാണെന്നതിന്‍റെ തെളിവായി ഒരു പുതിയ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.
ചിത്രം ഒടിടി റൈറ്റ്സ് ഇനത്തില്‍ നേടിയ തുക സംബന്ധിച്ചാണ് അത്. എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്‍സൈറ്റ് ആയ കൊയ്‍മൊയ്‍യുടെ റിപ്പോര്‍ട്ട് പ്രകാരം ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അവരുടെ റിപ്പോര്‍ട്ട് പ്രകാരം 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്. കൊയ്‍മൊയ്‍യുടെ തന്നെ കണക്ക് പ്രകാരം ജയിലറിന്‍റെ ഒടിടി റൈറ്റ്സ് 100 കോടി ആയിരുന്നു. ഇതും ആമസോണ്‍ പ്രൈം വീഡിയോ ആണ് സ്വന്തമാക്കിയിരുന്നത്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര റാവു, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ് എന്നിങ്ങനെ വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്നുള്ളവരാണ് ചിത്രത്തില്‍ രജനിക്കൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; ‘രണ്ടാം മുഖം’ ഏപ്രിലില്‍