ഗൂഗിൾ ക്രോം ഉപയോക്താവാണോ നിങ്ങള്‍; ഈ മുന്നറിയിപ്പ് അവഗണിക്കരുത്
നിങ്ങൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണെങ്കിൽ ശ്രദ്ധിക്കുക. ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് ഇന്ത്യൻ സർക്കാർ ഉയർന്ന അപകടസാധ്യതയുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ക്രോമിലെ നിങ്ങളുടെ ഡാറ്റ അപകടത്തിലാക്കാൻ സാധ്യതയുള്ള സുരക്ഷാ പിഴവുകളെക്കുറിച്ച് സർക്കാർ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. സാധ്യതയുള്ള സൈബർ ഭീഷണികളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ക്രോം ബ്രൗസറുകൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു. എന്താണ് പ്രശ്‍നമെന്നും സുരക്ഷിതരായിരിക്കാൻ നിങ്ങൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വിശദമായി അറിയാം.
ഗൂഗിൾ ക്രോമിലെ നിരവധി സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് മുന്നറിയിപ്പ് നൽകിയത്. ക്രോമിലെ ഈ ന്യൂനതകൾ കമ്പ്യൂട്ടറുകളെ വിദൂരമായി നിയന്ത്രിക്കാനും, അവയിലെ സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യാനും, വിവരങ്ങൾ മമാറ്റാനും, ബ്രൗസർ ക്രാഷ് ചെയ്യാനും, അത് ഉപയോഗശൂന്യമാക്കാനും ഹാക്കർമാരെ അനുവദിക്കും.
സിസ്റ്റത്തിൽ അപകടകരമായ ട്രാഫിക് നിറയുന്ന DoS അറ്റാക്ക് ഉൾപ്പെടുന്നതാണ് അപകടസാധ്യതകളിൽ ഒന്ന്. ഇത് സിസ്റ്റം മന്ദഗതിയിലാക്കുകയോ സിസ്റ്റം പ്രവർത്തിക്കുന്നത് നിർത്തുകയോ ചെയ്യുന്നു. പാച്ച് ചെയ്തില്ലെങ്കിൽ, ഈ കേടുപാടുകൾ ഡാറ്റാ ലംഘനങ്ങൾ, സ്വകാര്യതാ അപകടസാധ്യതകൾ, സിസ്റ്റം തടസങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഡെസ്‌ക്‌ടോപ്പിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തിഗത ഉപയോക്താക്കളും സ്ഥാപനങ്ങളും ഒരുപോലെ അപകടത്തിലാണെന്ന് മുന്നറിയിപ്പ് പറയുന്നു.
ഏതൊക്കെ ഉപകരണങ്ങളാണ് അപകടത്തിലായിരിക്കുന്നത്?
ബാധിക്കപ്പെട്ട പതിപ്പുകളിൽ വിൻഡോസ്, മാക് എന്നിവയ്‌ക്കുള്ള 134.0.6998.88/.89 ന് മുമ്പുള്ള ക്രോം പതിപ്പുകളും ലിനക്സിന് 134.0.6998.88 ന് മുമ്പുള്ള പതിപ്പുകളും ഉൾപ്പെടുന്നു. സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കൾ അവരുടെ ബ്രൗസറുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു.
ഗൂഗിൾ ക്രോമിന്റെ പതിപ്പ് എങ്ങനെ പരിശോധിക്കാം? നിങ്ങളുടെ ഗൂഗിൾ ക്രോം പതിപ്പ് പരിശോധിക്കാൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
– ക്രോം തുറന്ന് മുകളിൽ വലത് കോണിൽ ദൃശ്യമാകുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക.
– ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് “ഹെൽപ്പ്” തിരഞ്ഞെടുക്കുക.
– ഉപ മെനുവിലെ “എബൌട്ട് ഗൂഗിൾ ക്രോം” ക്ലിക്ക് ചെയ്യുക.
– നിങ്ങളുടെ നിലവിലെ ക്രോം പതിപ്പ് കാണിക്കുന്ന ഒരു പുതിയ ടാബ് തുറക്കും.
ഗൂഗിൾ ക്രോമിൽ അപ്‌ഡേറ്റുകൾക്കായി എങ്ങനെ പരിശോധിക്കാം?
നിങ്ങളുടെ ഗൂഗിൾ ക്രോം ബ്രൗസറിൽ ഇൻസ്റ്റാൾ ചെയ്യാൻ തയ്യാറായ അപ്‌ഡേറ്റുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ, മുകളിൽ സൂചിപ്പിച്ചതുപോലെ തന്നെ ‘എബൗട്ട് ഗൂഗിൾ ക്രോം’ ടാബിൽ എത്തുക. നിങ്ങൾ പുതിയ ടാബിൽ എത്തിക്കഴിഞ്ഞാൽ, ഡൗൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ തയ്യാറായ എല്ലാ അപ്‌ഡേറ്റുകളും ബ്രൗസർ ഓട്ടോമാറ്റിക്കലി പ്രദർശിപ്പിക്കും. ഒരു അപ്ഡേറ്റ് ലഭ്യമാണെങ്കിൽ, അത് ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. ചില സാഹചര്യങ്ങളിൽ, അപ്‌ഡേറ്റ് ലഭിക്കാൻ നിങ്ങൾക്ക് ക്രോം റീ സ്റ്റാർട്ട് ചെയ്യേണ്ടി വന്നേക്കാം.
Read more: ഗൂഗിൾ ക്രോമിന് ഉയർന്ന അപകടസാധ്യത; ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം