റോഡിലൂടെ സുരക്ഷിതമായി വാഹനമോടിക്കുക എന്നത് ഏതൊരു പൗരന്റേയും കടമയാണ്. നമ്മുടെ ജീവിതം മാത്രമല്ല, മറ്റുള്ളവരുടെ ജീവിതവും നമ്മുടെ അശ്രദ്ധ കൊണ്ട് അപകടത്തിലാവാൻ കാരണമാവും. അതിനാൽ തന്നെ വാഹനങ്ങളുമായി റോഡിലേക്കിറങ്ങുമ്പോൾ അതീവജാഗ്രത ആവശ്യമാണ്. പക്ഷേ, അങ്ങനെ അല്ലാത്ത കാഴ്ചകളും നമ്മൾ ഒരുപാട് കാണാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളിൽ ആശങ്ക ഉണർത്തുന്നത്.
ഹൈദ്രാബാദിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു ഡ്രൈവർ കാറോടിക്കുന്നതിനിടയിൽ പ്രശസ്ത മൊബൈൽ ഗെയിമായ പബ്‍ജി കളിക്കുന്നതാണ്. അതും അതിൽ തന്നെ മുഴുകിക്കൊണ്ടാണ് അയാൾ ഗെയിം കളിക്കുന്നത്.
പിൻസീറ്റിലിരുന്ന യാത്രക്കാരനാണ് വീഡിയോ പകർത്തിയത് എന്നാണ് കരുതുന്നത്. വീഡിയോയിൽ കാണുന്നത് ഡ്രൈവർ പൂർണമായും ഗെയിം കളിക്കുന്നതിൽ മുഴുകിക്കൊണ്ട് വാഹനം ഓടിക്കുന്നതാണ്. അയാൾക്ക് റോഡിൽ തീരേയും ശ്രദ്ധിക്കാൻ സാധിക്കുന്നില്ല.
ചില സമയങ്ങളിൽ അയാൾ രണ്ട് കയ്യും ഉപയോഗിച്ച് കൊണ്ട് ഗെയിം കളിക്കുന്നതും കാണാം. റെഡ്ഡിറ്റിലാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വീഡിയോ വൈറലായി മാറുകയായിരുന്നു.
നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളിൽ തങ്ങളുടെ ആശങ്കകൾ പങ്കുവച്ചിരിക്കുന്നത്. യാത്രക്കാരുടെ ജീവന് യാതൊരു തരത്തിലുള്ള വിലയും ഇല്ലേ എന്നാണ് പലരും ചോദിച്ചിരിക്കുന്നത്. ഇയാളുടെ ജീവിതം ഒരു ഗെയിം ആണെന്ന രീതിയിൽ ആണ് ഇയാൾ ഇപ്പോൾ വാഹനം ഓടിക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
എന്തായാലും ഈ വീഡിയോ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ആളുകളെ ആശങ്കയിൽ ആക്കുകയും ചെയ്തിരിക്കുകയാണ്. ഇങ്ങനെ ആയാൽ ആളുകളുടെ ജീവന് എന്ത് വിലയാണ് ഉള്ളത് എന്നും പലരും ചോദിച്ചു.