കമ്മലിട്ടവൻ പോയപ്പോള്‍ കടുക്കനിട്ടവന്‍ വന്നു, ഷദാബ് ഖാനെ ഞെട്ടിച്ച റോബിൻസണിന്‍റെ പറക്കും ക്യാച്ച്
ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ ഗ്ലെന് ഫിലിപ്സ് എടുത്ത പറക്കും ക്യാച്ചുകള്‍ ആരാധകരെ അമ്പരപ്പിച്ചെങ്കില്‍ ഫിലിപ്സിനെയും വെല്ലുന്ന ക്യാച്ചെടുത്തിരിക്കുകയാണ് മറ്റൊരു ന്യൂസിലന്‍ഡ് താരം. പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫിലിപ്സ് കളിച്ചിരുന്നില്ല. ഫിലിപ്സിന് പകരം പോയന്‍റില്‍ ഫീല്‍ഡ് ചെയ്ത ടിം റോബിന്‍സണാണ് പറക്കും ക്യാച്ചുമായി ആരാധകരെ അമ്പരപ്പിച്ചത്. കെയ്ല്‍ ജാമൈസണിന്‍റെ പന്തില്‍ പാക് താരം ഷദാബ് ഖാനെ ആയിരുന്നു റോബിന്‍സണ്‍ പറന്നു പിടിച്ചത്.
ജമൈസണിന്‍റെ പന്ത് പോയന്‍റിലേക്ക് കട്ട് ചെയ്ത ഷദാബിനെ ഞെട്ടിച്ചാണ് ഇടത്തോട്ട് ഡൈവ് ചെയ്ത് റോബിന്‍സണ്‍ ക്യാച്ച് കൈയിലൊതുക്കിയത്. ഗ്ലെന്‍ ഫിലിപ്സ് സാധാരണഗതിയില്‍ പറന്നുപിടിച്ച് ഞെട്ടിക്കാറുള്ള അതേ സ്ഥലത്ത് തന്നെയാണ് റോബിന്‍സണും പറന്നുപിടിച്ചത്. ചാമ്പ്യൻസ് ട്രോഫിയില്‍ പോയന്‍റില്‍ വിരാട് കോലിയെയും മുഹമ്മദ് റിസ്‌വാനെയും സമാനമായ രീയിതില്‍ ഗ്ലെൻ ഫിലിപ്സ് പറന്നു പിടിച്ചിരുന്നു. കമ്മലിട്ടവന്‍ പോയപ്പോൾ കടുക്കനിട്ടവന്‍ വന്നുവെന്നാണ് റോബിൻസണിന്‍റെ ക്യാച്ചിനെ ആരാധകര്‍ വിശേഷിപ്പിച്ചത്.
What a catch 🔥🔥Robinson catch of the series
Shadab Khan gone
Pakistan 11-4🔥#Cricket #pcbfl @_FaridKhan @BabarAzam_152 @BabarAzam_152 @Masoodkhan9005 pic.twitter.com/A0EzqLwEGK— M Saqlain M (@saqiiiii55555) March 16, 2025
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാൻ നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു. ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെ പുറത്തിരുത്തി ഇറങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 18.4 ഓവറില്‍ 91 റണ്‍സിന് ഓള്‍ ഔട്ടായി. 10.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യത്തിലെത്തി. 32 റണ്‍സെടുത്ത കുഷ്ദില്‍ ഷായും 18 റണ്‍സെടുത്ത ക്യാപ്റ്റൻ സല്‍മാന്‍ ആഗയും 17 റണ്‍സെടുത്ത ജഹ്നാദ് ഖാനും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച ഡുനെഡിനില്‍ നടക്കും.