സമീപകാല ബോളിവുഡില്‍ ശ്രദ്ധേയമായ പല ചിത്രങ്ങളും തിയറ്ററുകളില്‍ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാതെ പോയിട്ടുണ്ട്. അത്തരം ചിത്രങ്ങളിലൊന്നായിരുന്നു കങ്കണ റണൗത്ത് സംവിധാനം ചെയ്ത്, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എമര്‍ജന്‍സി. ഹിസ്റ്റോറിക്കല്‍ ബയോഗ്രഫിക്കല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയാണ് കങ്കണ എത്തിയത്. 60 കോടി ആയിരുന്നു ചിത്രത്തിന്‍റെ ബജറ്റ്. സീ സ്റ്റുഡിയോസുമായി ചേര്‍ന്ന് കങ്കണയുടെ മണികര്‍ണിക ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്. തിയറ്ററില്‍ പരാജയപ്പെട്ട ചിത്രം പക്ഷേ ഒടിടി ഡീല്‍ കൊണ്ട് കങ്കണയുടെ സാമ്പത്തിക ഭാരം കുറച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്‍റെ നിര്‍മ്മാണ ചെലവിനായി കങ്കണ മുംബൈ പാലി ഹില്ലിലെ ബംഗ്ലാവ് 32 കോടി രൂപയ്ക്ക് വിറ്റതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 2017 ല്‍ അവര്‍ 20.7 കോടി രൂപയ്ക്ക് വാങ്ങിയ പ്രോപ്പര്‍ട്ടിയാണ് അത്. മണികര്‍ണിക ഫിലിംസിന്‍റെ ഓഫീസും ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ജനുവരി 17 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. എന്നാല്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രത്തിന് ആകെ 23.75 കോടി നേടാനേ സാധിച്ചുള്ളൂ.
നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് കരസ്ഥമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം ചിത്രം നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശനം ആരംഭിക്കുകയും ചെയ്തിരുന്നു. 123 തെലുങ്കില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഒടിടി റൈറ്റ്സ് ഇനത്തില്‍ ചിത്രം നേടിയിരിക്കുന്ന തുക 80 കോടിയാണ്. സമീപകാലത്ത് ഒരു ബോളിവുഡ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ ഒടിടി റൈറ്റ്സ് തുകകളില്‍ ഒന്നുമാണ് ഇത്. നെറ്റ്ഫ്ലിക്സിന് പറ്റിയ അബദ്ധം എന്ന നിലയിലാണ് ട്രേഡ് അനലിസ്റ്റുകള്‍ക്കിടയിലും മറ്റും ഈ ഡീല്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇത് സത്യമാവുന്നപക്ഷം കങ്കണയെ സംബന്ധിച്ച് അത് നല്‍കുന്ന സാമ്പത്തിക ആശ്വാസം വലുതാണ്.
ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; ‘രണ്ടാം മുഖം’ ഏപ്രിലില്‍