ഐപിഎൽ ലേലത്തില്‍ ആരും ടീമിലെടുത്തില്ല, പിന്നാലെ രഞ്ജിയില്‍ മിന്നി; ഇന്ത്യൻ ഓൾ റൗണ്ടറെ റാഞ്ചി ലക്നൗ

ലക്നൗ: ഐപിഎല്‍ താരലേലത്തില്‍ ടീമുകള്‍ കൈവിട്ട ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ ലക്നൗ സൂപ്പര്‍ ജയന്‍റില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ലക്നൗ സൂപ്പര്‍ ജയന്‍റ്സിനൊപ്പം ഷാര്‍ദ്ദുല്‍ ഇന്ന് പരിശീലനം നടത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്ന് ലക്നൗ ക്യാംപിലെത്തിയ ഷാര്‍ദ്ദുല്‍ ടീം ജേഴ്സി ധരിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഷാര്‍ദ്ദുലിനെ ടീമിലെടുത്ത കാര്യം ലക്നൗ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സീസണ് മുമ്പ് പരിക്കിന്‍റെ പിടിയിലാണ് ലക്നൗ. പരിക്കുള്ള പേസര്‍ മായങ്ക് യാദവിന് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാവുന്നതിന് പുറമെ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പന്തെറിയാന്‍ ആവില്ലെന്നതും ലക്നൗവിന് തിരിച്ചടിയായിരുന്നു. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്നു ഷാര്‍ദ്ദുല്‍. എന്നാല്‍ ഐപിഎല്‍ മെഗാ താരലേലത്തില്‍ ഷാര്‍ദ്ദുലിന് ആവശ്യക്കാരുണ്ടായിരുന്നില്ല.

വിദേശ പരമ്പരകളിൽ കുടുംബത്തെ കൂടെ കൂട്ടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ ബിസിസിഐ തീരുമാനത്തെ വിമർശിച്ച് കോലി

പിന്നാലെ നടന്ന രഞ്ജി ട്രോഫിയില്‍ മുംബൈക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ഷാര്‍ദ്ദുല്‍ സീസണിലെ അഞ്ചാമത്തെ റണ്‍ സ്കോററുമായിരുന്നു. ആറ് ഇന്നിംഗ്സില്‍ നിന്ന് 275 റൺസടിച്ച ഷാര്‍ദ്ദുലിന്‍റെ ബാറ്റിംഗ് മികവാണ് പല മത്സരങ്ങളിലും മുംബൈയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും ഷാര്‍ദ്ദുല്‍ മുംബൈക്കായി നേടി.

പരിക്കിന്‍റെ പിടിയിലുള്ള പേസര്‍മാരായ മായങ്ക് യാദവിനും മൊഹ്സിന്‍ ഖാനും ആവേശ് ഖാനും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ഇതുവരെ ക്ലിയറന്‍സ് ലഭിക്കാത്തതിനാലാണ് ലക്നൗ ഷാര്‍ദ്ദുലിനെ അവസാന നിമിഷം ടീമിലെത്തിച്ചതെന്നും സൂചനയുണ്ട്.ഐപിഎല്‍ ഭരണസമിതിയുടെ അംഗീകാരം ലഭിച്ചാല്‍ ഷാര്‍ദ്ദുലിനെ ടീമിലെടുത്ത കാര്യം ലക്നൗ ഔദ്യോഗികമായി പുറത്തുവിടും. ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിയ റിഷഭ് പന്താണ് ലക്നൗവിനെ നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin

You missed