ഐഎസ്എസില്‍ ഒരു നിമിഷം പോലും വെറുതെയിരിക്കാത്ത സുനിത വില്യംസ്; ഇത്തവണ കുറിച്ച നേട്ടങ്ങള്‍

കാലിഫോര്‍ണിയ: സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ക്രൂ-10 ഡ്രാഗൺ ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയിരിക്കുകയാണ്. ഐഎസ്എസുമായി ബഹിരാകാശ പേടകത്തിന്‍റെ ഡോക്കിംഗ് പ്രക്രിയയും പൂർത്തിയായി. 2024 ജൂൺ 5നാണ് സുനിത വില്യംസ് ബഹിരാകാശ നിലയത്തിലേക്ക് പോയത്. ഒരാഴ്ച കഴിഞ്ഞ് അവർ ഭൂമിയിലേക്ക് മടങ്ങേണ്ടതായിരുന്നു. പക്ഷേ ബോയിംഗ് സ്റ്റാർലൈനര്‍ പേടകത്തിന്‍റെ പ്രശ്‍നം കാരണം ഇരുവരും അവിടെ കുടുങ്ങി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലായിരിക്കുമ്പോള്‍ സുനിത വില്യസും ബുച്ച് വില്‍മോറും ഭാഗവാക്കായ ചരിത്ര നിമിഷങ്ങളും നേട്ടങ്ങളും ഒരിക്കല്‍ക്കൂടി എത്തിനോക്കാം. 

1. ബഹിരാകാശ നടത്തം

വിപുലമായ പരിശീലനവും കൃത്യതയും ആവശ്യമുള്ളതാണ് സാഹസികമായ ബഹിരാകാശ നടത്തം അഥവാ സ്പേസ് വോക്ക്. ഐഎസ്എസിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് ഇത് അധികവും ആവശ്യമായി വരുന്നത്. ഇത്തവണ സുനിതയും ബുച്ചും ബഹിരാകാശ നടത്തത്തിന്‍റെ ഭാഗമായി. 62 മണിക്കൂറും 6 മിനിറ്റും മണിക്കൂര്‍ സ്പേസ് വോക്ക് പൂര്‍ത്തിയാക്കി ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കുന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത ഇത്തവണത്തെ യാത്രയില്‍ സ്വന്തമാക്കി. 9 ബഹിരാകാശ നടത്തങ്ങളിലായാണ് സുനി 62 മണിക്കൂറിലധികം സ്പേസ് വോക്ക് നടത്തിയത്. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റും സ്പേസ് വോക്ക് നടത്തിയ ഇതിഹാസ യാത്രിക പെഗ്ഗി വിൻസ്റ്റണിന്‍റെ (നാസ) റെക്കോർഡാണ് സുനിത മറികടന്നത്. 

2. ഗവേഷണങ്ങളും പരീക്ഷണങ്ങളും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പത് മാസത്തെ അപ്രതീക്ഷിത വാസത്തിനിടെ സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിന്‍റെ സുപ്രധാന ദൗത്യ ജോലികളിൽ സജീവമായി. ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് സഹായകമാകുന്ന ബഹിരാകാശ മെഡിസിൻ, റോബോട്ടിക്സ്, മെറ്റീരിയൽ സയൻസ് തുടങ്ങിയ ഗവേഷണങ്ങളിലും ശാസ്ത്രീയ പരീക്ഷണങ്ങളിലും ഇവര്‍ പങ്കെടുത്തു. കൂടാതെ, ദീർഘകാല താമസത്തിനിടയിൽ സ്റ്റേഷൻ സംവിധാനങ്ങൾ തകരാറുകളില്ലാതെ നിലനിർത്തുന്നതിലും അതിന്‍റെ സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിലും സുനിതയും ബുച്ചും നിർണായക പങ്ക് വഹിച്ചു. ഐ‌എസ്‌എസിന്‍റെ കമാൻഡറായി സേവനമനുഷ്ഠിച്ചുകൊണ്ട് സുനിത വില്യംസ് നിലയത്തിന്‍റെ ഉത്തരവാദിത്തങ്ങളും നേതൃത്വവും ഏറ്റെടുത്തതും ശ്രദ്ധേയമായി. 

സുനിത വില്യംസ് 2024 ഡിസംബറിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ (ISS) കപ്പോളയിൽ യീസ്റ്റ്, ബാക്ടീരിയ സാമ്പിളുകൾ അടങ്ങിയ സയൻസ് ഹാർഡ്‌വെയർ പ്രദർശിപ്പിച്ചു. റോഡിയം ബയോമാനുഫാക്ചറിംഗ് 03 പഠനത്തിന്‍റെ ഭാഗമായിരുന്നു ഈ സാമ്പിളുകൾ. സൂക്ഷ്‍മഗുരുത്വാകർഷണം സൂക്ഷ്‍മാണുക്കളുടെ വളർച്ച, ഘടന, ഉപാപചയ പ്രവർത്തനം എന്നിവയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമാണ് ഈ പഠനം. 

3. ബഹിരാകാശത്ത് 3000 ദിനം

2025 മാർച്ച് 5ന് നാസയുടെ ബഹിരാകാശ യാത്രികനും ഫ്ലൈറ്റ് എഞ്ചിനീയറുമായ നിക്ക് ഹേഗ് ഐഎസ്എസില്‍ വച്ച് ബുച്ചും സുനിയും ഉൾപ്പെടെയുള്ള സഞ്ചാരികള്‍ക്കൊപ്പം ഒരു ചിത്രം പങ്കിട്ടു. ഒരു പ്രധാന നേട്ടം അടിക്കുറിപ്പില്‍ ഒരു പ്രധാന നേട്ടം ചൂണ്ടിക്കാട്ടിക്കൊണ്ട് ഹേഗ് എഴുതി… ‘മാർച്ച് 1ന് എക്സ്പെഡിഷൻ 72 ക്രൂ ഒരുമിച്ച് ഒരു പ്രധാന നാഴികക്കല്ല് ആഘോഷിച്ചു: ഞങ്ങളുടെ ഏഴ് പേരുടെയും വ്യക്തിഗത ദിവസങ്ങൾ കൂട്ടിച്ചേർത്ത്, ഞങ്ങൾ ബഹിരാകാശത്ത് 3000 ദിവസങ്ങൾ എത്തി!’- എന്നതായിരുന്നു ആ നേട്ടം.

Read more: ആലിംഗനം ചെയ്ത് സ്വീകരിച്ച് സുനിത വില്യംസ്; ക്രൂ-10 സംഘം ബഹിരാകാശ നിലയത്തില്‍- വീഡിയോ

4. ബഹിരാകാശത്തെ ക്രിസ്‍മസ് ആഘോഷം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ വീട്ടിൽ നിന്ന് വളരെ അകലെയാണെങ്കിലും അവധിക്കാലം ആഘോഷിച്ചു. സ്‌പേസ് എക്‌സിന്‍റെ കാര്‍ഗോ ദൗത്യത്തിന് ശേഷമാണ് ഈ ഉത്സവ നിമിഷം ഉണ്ടായത്. അവധിക്കാല സമ്മാനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഐ‌എസ്‌എസിലേക്ക് ഇവര്‍ക്കായി നാസ എത്തിച്ചിരുന്നു. ഇത് ക്രൂവിന് ബഹിരാകാശത്ത് ക്രിസ്‌തുമസ് ആഘോഷിക്കാന്‍ അവസരമൊരുക്കി. ടീം ചില ഗെയിമുകളും കളിച്ചു. 

5. താങ്ക്സ് ഗിവിങ് ഡേ 

2024 നവംബര്‍ അവസാനം സുനിത വില്യംസും ബാരി വിൽമോറും സഹപ്രവർത്തകരും പരമ്പരാഗത വിഭവങ്ങളായ സ്മോക്ക്ഡ് ടർക്കി, ക്രാൻബെറി സോസ്, ഗ്രീൻ ബീൻസ്, ആപ്പിൾ കോബ്ലർ എന്നിവയടക്കമുള്ള വിഭവവുമായി താങ്ക്സ് ഗിവിങ് ഡേ ആഘോഷിച്ചു. വിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങൾക്ക് നന്ദി പറയാനാണ് താങ്ക്സ് ഗിവിങ് ഡേ ആഘോഷിക്കുന്നത്. താങ്ക്സ് ഗിവിംഗ് ഡേ ആഘോഷം ബഹിരാകാശ യാത്രികരെ സംബന്ധിച്ച് അവരുടെ അനുഭവങ്ങളും കുടുംബങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയുമെല്ലാം വെളിപ്പെടുത്തുന്ന സുപ്രധാന നിമിഷമായി. 

Read more: നന്ദി ഡോണ്‍ പെറ്റിറ്റ്! ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തത് ഇങ്ങനെയാണ്, അവിശ്വസനീയ കാഴ്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin

You missed