ഉരുൾപൊട്ടലിൽ കട ഒന്നാകെ ഒലിച്ചുപോയി, ഇരുട്ടടിയായി ബാങ്കിന്‍റെ ജപ്തി ഭീഷണി; പ്രശ്നത്തിൽ ഇടപെട്ട് ലീഡ് ബാങ്ക്
കല്‍പ്പറ്റ: വയനാട് ചൂരൽമല ഉരുള്‍പൊട്ടലിൽ കട നശിച്ച വ്യാപാരിക്ക് ബാങ്കിന്‍റെ ജപ്തി ഭീഷണി. ചൂരൽമലയിൽ കച്ചവടം നടത്തിയിരുന്ന മുഹമ്മദ് ആലിക്ക് ആണ് ജപ്തി നടപടികള്‍ നേരിടേണ്ടിവന്നത്. നാളെ ജപ്തി നോട്ടീസ് നൽകുമെന്ന് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി മുഹമ്മദ് ആലി പറഞ്ഞു. ഉരുൾപൊട്ടലിൽ കട പൂര്‍ണമായും നശിച്ചതോടെ കുന്നമംഗലം കുന്ന് സ്വദേശിയായ മുഹമ്മദ് ആലി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
എടുത്ത ഭവന വായ്പയിൽ 8.5 ലക്ഷം രൂപയാണ് ഇനി അടക്കാനുള്ളത്. ചൂരൽ മലയിലെ കട നശിച്ചതോടെ ഭവന വായ്പ അടവ് മുടങ്ങിയിരുന്നു. എന്നാൽ, വീട് ദുരന്ത മേഖലയ്ക്ക് പുറത്തായതിനാൽ വായ്പ പരിരക്ഷ കിട്ടിയില്ല. തിങ്കളാഴ്ച ജപ്തി നോട്ടീസ് ഒട്ടിക്കുമ്പോള്‍ സാന്നിധ്യം വേണമെന്ന് ബാങ്ക് ഓഫ് ബറോഡ മുഹമ്മദ് ആലിയെ അറിയിച്ചു. ഉരുള്‍പൊട്ടലിൽ കടയിലെ സാധനങ്ങളെല്ലാം ഒഴുകി പോയിരുന്നു.
ചളി നിറഞ്ഞ കട മാത്രമാണ് ബാക്കിയായത്. അതേസമയം, മുഹമ്മദാലിയുടെ ദുരവസ്ഥ വാര്‍ത്തയായതോടെ വിഷയത്തിൽ വയനാട് ലീഡ് ബാങ്ക് ഇടപെട്ടു. മുഹമ്മദാലിയുടെ ജപ്തി നടപടി മൂന്നാഴ്ചത്തേക്ക് തടഞ്ഞു. വായ്പ ഇളവ് സംബന്ധിച്ച് കോടതി തീരുമാനം എടുക്കും വരെ ജപ്തി നടപ്പാക്കില്ലെന്നും ബാങ്ക് ഓഫ് ബറോഡയ്ക്ക് നിർദ്ദേശം നൽകിയതായും ലീഡ് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.