ഇഞ്ചി ഇങ്ങനെയും സൂക്ഷിക്കാം; കേടാകാതിരിക്കാൻ ഇത്രയും ചെയ്താൽ മതി
അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇഞ്ചി. ഭക്ഷണങ്ങൾ ഉണ്ടാക്കാനും കറികളിലും നിറസാന്നിധ്യമാണ് ഇത്. രുചി നൽകാൻ മാത്രമല്ല ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ തുടങ്ങി ഇഞ്ചിക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്.
ഇഞ്ചിയുടെ ഗുണങ്ങൾ
വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് ഇഞ്ചി. ഇതിന് വളരെ കുറച്ച് കലോറിയാണുള്ളത്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിൻജറോൾ എന്ന കോംപൗണ്ടിന് ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുണ്ട്. ഉദരപ്രശ്നങ്ങൾക്കും ദഹനശേഷി വർധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ദഹനത്തിന് മാത്രമല്ല ചർമ്മത്തിനും തലമുടിക്കും ഗുണപ്രദമാണ് ഇത്. എന്നാൽ ഇഞ്ചി അധിക ദിവസം സൂക്ഷിക്കാൻ കഴിയില്ല. ദിവസങ്ങൾ കഴിയുംതോറും ഇത് കേടാവുകയും ഉണങ്ങുകയും ചെയ്യും. ഇഞ്ചി കേടാകാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
1. കത്തിയോ പീലറോ ഉപയോഗിച്ച് ഇഞ്ചി തൊലി കളഞ്ഞതിന് ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. മുറിച്ച കഷ്ണങ്ങൾ ഒരു സിപ് ലോക്ക് ബാഗിലാക്കി ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് എത്ര മാസം വേണമെങ്കിലും കേടുവരാതെ ഇരിക്കും.
2. എന്നും ഭക്ഷണത്തിൽ ചേർക്കാൻ ഇഞ്ചി ഉപയോഗിക്കുന്നവരാണെങ്കിൽ അരച്ച് കുഴമ്പ് രൂപത്തിലാക്കി ഗ്ലാസ് പാത്രത്തിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ മുറിച്ച ഇഞ്ചി ഫ്രീസറിലാക്കിയും ഉപയോഗിക്കാവുന്നതാണ്.
3. ഇനി ഇഞ്ചി ഫ്രീസറിൽ സൂക്ഷിക്കാൻ താല്പര്യമില്ലാത്തവർ ആണെങ്കിൽ തൊലി കളയാതെ ഒരു പേപ്പർ ടവലിലോ അല്ലെങ്കിൽ പേപ്പർ ബാഗിലോ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. ബാഗിലാക്കിയതിന് ശേഷം സീൽ ചെയ്യാൻ മറക്കരുത്. ശേഷം ഫ്രിഡ്ജിനുള്ളിൽ പച്ചക്കറി ബാസ്കറ്റിൽ സൂക്ഷിക്കാവുന്നതാണ്.
വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും തൊലി കളയാൻ ഇത്ര എളുപ്പമായിരുന്നു; പൊടികൈകൾ ഇതാ