ആരോഗ്യനില തൃപ്തികരം; എആര്‍ റഹ്മാൻ ആശുപത്രി വിട്ടു
ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച എആര്‍ റഹ്മാൻ ആശുപത്രി വിട്ടു. ഉച്ചയ്ക്ക് 12ഓടെയാണ് എആര്‍ റഹ്മാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പതിവ് പരിശോധനകള്‍ക്കുശേഷം എആര്‍ റഹ്മാനെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പിൽ അറിയിച്ചു.
ചെന്നൈ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ എആര്‍ റഹ്മാനെ രാവിലെ പ്രവേശിപ്പിച്ചിരുന്നുവെന്നും നിര്‍ജലീകരണ ലക്ഷണങ്ങളോടെയാണ് എആര്‍ റഹ്മാനെ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് പതിവ് പരിശോധനകള്‍ക്ക് വിധേയമാക്കിയശേഷം ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയത്.
എആര്‍ റഹ്മാൻ ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണവുമായി മകൻ എആര്‍ രമീൻ രംഗത്തെത്തിയിരുന്നു
ആരാധകരുടെയും കുടുംബാംഗങ്ങളുടെയും തങ്ങളെ സ്നേഹിക്കുന്നവരുടെയും പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദിയെന്ന് എആര്‍ രമീൻ ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു. നിര്‍ജലീകരണത്തെ തുടര്‍ന്നുണ്ടായ ക്ഷീണത്തെ തുടര്‍ന്ന് ആശുപത്രിയിൽ പോയി പതിവ് ചെക്കപ്പ് നടത്തുകയായിരുന്നുവെന്നും പിതാവ് സുഖമായിരിക്കുന്നുവെന്നും രമീൻ പറഞ്ഞു. എല്ലാവരുടെയും സ്നേഹനിറഞ്ഞ വാക്കുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയുണ്ടെന്നും രമീൻ കുറിച്ചു.
അതേസമയം, എആര്‍ റഹ്മാന്‍റെ ആരോഗ്യനിലയിൽ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. റഹ്മാൻ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിഞ്ഞതെന്നും എംകെ സ്റ്റാലിൻ വ്യക്തമാക്കി. റഹ്മാൻ സുഖമായിരിക്കുന്നതിൽ സന്തോഷമെന്നും എംകെ സ്റ്റാലിൻ പറഞ്ഞു.
ഇന്ന് രാവിലെ 7.10ഓടെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എആര്‍ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നായിരുന്നു രാവിലെ പുറത്തുവന്ന വിവരം. തുടര്‍ന്ന് ഇസിജി, ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനയ്ക്ക് വിധേയമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്മാനെ പരിശോധിച്ചത്. ലണ്ടനിലായിരുന്ന എആര്‍ റഹ്മാൻ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. അതേസമയം, എആര്‍ റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് വക്താവ് അറിയിച്ചിരുന്നു. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ക്ഷീണം അനുഭവപ്പെട്ടു. നോമ്പ് കാരണമുള്ള നിർജലീകരണം എന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും വക്താവ് അറിയിച്ചിരുന്നു.