ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിൽ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാർ, പ്രത്യേക യോഗം ചൊവ്വാഴ്ച
ദില്ലി : ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍ നമ്പര്‍ ഇരട്ടിപ്പ് പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ച് ചേര്‍ത്തിരിക്കുന്ന ആഭ്യന്തര നിയമമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം വന്നേക്കും.
ആധാറും വോട്ടര്‍ ഐഡിയും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിലപാടിലേക്ക് നീങ്ങാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പല സംസ്ഥാനങ്ങളിലും വോട്ടര്‍ നമ്പറിൽ ക്രമക്കേട് ഉണ്ടെന്ന് കമ്മീഷന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഇനി പരാതികളുയരാതിരിക്കാനാണ് ജാഗ്രത. 2015 മുതൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിൽ നടപടികള്‍ തുടങ്ങിയിരുന്നു. വോട്ടർ പട്ടിക പരാതി രഹിതമാക്കാനായി കൊണ്ടു വന്ന നാഷണല്‍ ഇലക്രട്രല്‍ റോള്‍സ് പ്യൂരിഫിക്കേഷന്‍ ആന്‍റ് ഓഥന‍്റ്റിക്കേഷന്‍ പ്രോഗ്രാം പ്രകാരം നടപടികള്‍ തുടങ്ങിയെങ്കിലും സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മരവിപ്പിക്കുകയായിരുന്നു. ക്ഷേമപദ്ധതികള്‍ക്കും, പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനും ആധാര്‍ ഉപയോഗിച്ചാല്‍ മതിയെന്ന ഉത്തരവാണ് കോടതി നല്‍കിയത്.
എന്നാല്‍ 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്‍റില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കി. വോട്ടര്‍ ഐഡി നമ്പറില്‍ പരാതി ഉയരുമ്പോള്‍ ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ചത്തെ യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, യൂണിക്ക് ഐഡന്‍റിഫിക്കേഷന്‍ അഥോറിറ്റി സിഇഒ തുടങ്ങിയവര്‍ പങ്കെടുക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ്‍ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും യോഗത്തില്‍ പങ്കെടുക്കും. മൂന്ന് മാസത്തിനുള്ളില്‍ പരാതി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് കമ്മീഷന്‍ അവകാശപ്പെടുന്നത്. ഉടന്‍ തെരഞ്ഞെെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമോയെന്ന് വ്യക്തമല്ല.
88 കോടി രൂപയുടെ മെത്താംഫെറ്റാമൈനുമായി 4 പേർ പിടിയിൽ
അതേ സമയം വോട്ടര്‍പട്ടികയിലെ ക്രമേക്കട് ബോധ്യപ്പെട്ടിട്ടും കമ്മീഷന്‍ ബിജെപിക്ക് അവസരമൊരുക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇപ്പോഴത്തെ നടപടികൊണ്ടും ക്രമക്കേടിന് അറുതിവരുമെന്ന് കരുതുന്നില്ലെന്നും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പ്രതികരിച്ചു.