അമ്മ ഇങ്ങനെ ജീവിച്ചാൽ പോരാ, സ്വന്തം സന്തോഷം കണ്ടെത്തണം, 16 -കാരന്റെ വാക്കുകളേറ്റെടുത്ത് സോഷ്യൽമീഡിയ 

പല അമ്മമാരും തങ്ങളുടെ കുടുംബത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവരാണ്. പലപ്പോഴും മക്കളെയും ഭർത്താക്കന്മാരെയും ഒക്കെ നോക്കിക്കഴിയുമ്പോൾ സ്വന്തം കാര്യം നോക്കാൻ സമയമോ പണമോ ഒന്നും ഉണ്ടാകാറില്ല. അതുപോലെ ഒരു അമ്മയെ മകൻ ഉപദേശിക്കുന്ന വീഡിയോയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നത്. 

വാങ് നൻഹാവോ എന്ന 16 -കാരൻ തന്നെയാണ് അമ്മയുമായുള്ള ഈ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഷെജിയാങ് പ്രവിശ്യയിലെ നിങ്‌ബോയിലുള്ള വാങ്ങിന്റെ വീട്ടിൽ വച്ചാണ് അമ്മയുമായുള്ള ഈ സംഭാഷണം നടന്നത്. 

വാങ്ങ് പറഞ്ഞതനുസരിച്ച്, വാങ്ങിന്റെ അമ്മ സ്വന്തം കാര്യത്തിന് വേണ്ടി പണം ചെലവഴിക്കുകയേ ചെയ്തിരുന്നില്ല. മറിച്ച് വാങ്ങിന് വേണ്ടിയായിരുന്നു അവർ പണം ചെലവഴിച്ച് കൊണ്ടിരുന്നത്. 

വാങ് അമ്മയോട് പറയുന്നത് അവർ ഒരു നല്ല കോട്ടും വിലയേറിയ ഫേസ് ക്രീമും വാങ്ങണം എന്നാണ്. അങ്ങനെ ഒന്നും വാങ്ങുന്നില്ലെങ്കിൽ അത് അച്ഛന്റെയോ തന്റെയോ കുഴപ്പമാണ് എന്നാണ് അവൻ പറയുന്നത്. 

താൻ അമ്മയിൽ നിന്നും പഠിച്ച ഏറ്റവും വിലപ്പെട്ട പാഠം എന്താണ് എന്നും അവൻ പറയുന്നുണ്ട്. അത് അവർ വീട്ടിലെ തീരാത്ത ജോലികൾ ചെയ്യുന്നതോ, അവർക്ക് വേണ്ടി ത്യാ​ഗങ്ങൾ ചെയ്യുന്നതോ ഒന്നും അല്ല, എവിടെയായിരിക്കുമ്പോഴും സന്തോഷമായിട്ടിരിക്കാനുള്ള അമ്മയുടെ കഴിവാണ് ആ പാഠം എന്നാണ് 16 -കാരൻ പറയുന്നത്. അമ്മയ്ക്ക് പിയാനോയോടുള്ള ഇഷ്ടവും അത് പഠിക്കാനായി നടത്തുന്ന പരിശ്രമങ്ങളും അവൻ എടുത്ത് പറയുന്നുണ്ട്. 

വാങ് പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതൊന്നുമല്ല. അമ്മമാർ അവരുടെ മക്കളുടെയോ ഭർത്താവിന്റെയോ ജീവിതമല്ല ഏറ്റവും വിലപ്പെട്ടതായി കാണേണ്ടത്. അവർക്ക് വേണ്ടിയല്ല ജീവിക്കേണ്ടത്. മക്കളുടെ സന്തോഷമാണ് തന്റെ സന്തോഷത്തേക്കാൾ വലുത് എന്ന് കരുതരുത്. ഏറ്റവും വലുത് സ്വന്തം സന്തോഷമാണ് എന്ന് കരുതണം, അത് കണ്ടെത്തണം. എല്ലാത്തിനേക്കാൾ പ്രാധാന്യം സ്വന്തം സന്തോഷത്തിന് നൽകണം എന്നാണ് ഈ 16 -കാരൻ പറയുന്നത്. 

ചൈനയിലെ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് അവനെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നത്. 

ക്യാമറയ്‍ക്ക് മുന്നിൽ കണ്ണീരടക്കാനാവാതെ വിദ്യാർത്ഥിനി; പെൺകുട്ടി ആയതുകൊണ്ട് മാത്രം സയൻസ് പഠിക്കാനായില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin

You missed