അതൊരു രണ്ടാം ഭൂമി! ജീവന്‍ തേടിയുള്ള മനുഷ്യാന്വേഷണങ്ങളുടെ ഉത്തരമോ?

ഭൂമിയെ പോലെ തന്നെ അല്ലെങ്കിൽ ഭൂമിക്കു  തുല്യമായ ഒരു ഗ്രഹം. വര്‍ഷങ്ങളായി മനുഷ്യരും ശാസ്ത്ര ലോകവും ഒരേപോലെ തിരയുന്ന കാര്യമാണ് വാസയോഗ്യമായ മറ്റൊരു ഭൂമി കണ്ടെത്തുക എന്നത്. ശാസ്ത്ര ലോകത്തിന്‍റെ ഈ ചോദ്യത്തിന് ഒടുവിൽ ഏറെക്കുറെ ഉത്തരം ആയിരിക്കുകയാണോ. വെറും 20 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു പുതിയ സൂപ്പർ-എർത്ത്, HD 20794 d-യുടെ കണ്ടെത്തലാണ് ശാസ്ത്രജ്ഞർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഭൂമിയേക്കാൾ ആറ് മടങ്ങ് ഭാരമുള്ള  ഈ എക്സോപ്ലാനറ്റ്, സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചുറ്റുകയും വാസയോഗ്യമായ മേഖലയ്ക്കുള്ളിൽ സ്ഥിതിചെയ്യുകയും ചെയ്യുന്നു- അതായത് ദ്രാവക ജലത്തെയും ഒരുപക്ഷേ ജീവനെയും പിന്തുണയ്ക്കാൻ ഈ ഗ്രഹത്തിന് കഴിയുമെന്ന് സാരം. ഓക്സ്ഫഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ. മൈക്കൽ ക്രെറ്റിഗ്‌നിയറും സംഘവുമാണ് ഈ സൂപ്പർ-എർത്ത് സ്ഥിരീകരിച്ചത്. അസ്ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്സ് ജേണലിന്‍റെ ജനുവരി ലക്കത്തിൽ ഇവരുടെ പഠനം ഉൾപ്പെടുത്തിയിരുന്നു. 

ചിലിയിലെ ലാ സില്ല ഒബ്സർവേറ്ററിയിലെ ഹാർപ്സ്  സ്പെക്ട്രോഗ്രാഫിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുന്നതിനിടെ, മൈക്കൽ ക്രെറ്റിഗ്നിയർ 2022-ൽ ഈ ഗ്രഹത്തെ ആദ്യമായി കണ്ടെത്തിയിരുന്നു. അടുത്തുള്ള ഒരു ഗ്രഹത്തിന്‍റെ ഗുരുത്വാകർഷണ സ്വാധീനം മൂലമാകാൻ സാധ്യതയുള്ള നക്ഷത്രത്തിന്‍റെ പ്രകാശ സ്പെക്ട്രത്തിൽ ചെറിയ, ചെറിയ  മാറ്റങ്ങൾ അദേഹം നിരീക്ഷിച്ചു. എങ്കിലും സിഗ്നൽ പരിമിതി ഗ്രഹത്തെ സ്ഥിരീകരിക്കുന്നത് ബുദ്ധിമുട്ടാക്കി. “ആദ്യ സിഗ്നൽ സ്പെക്ട്രോഗ്രാഫിന്‍റെ കണ്ടെത്തൽ പരിധിയുടെ അരികിലായിരുന്നു, അതിനാൽ അത് യഥാർഥമാണോ അല്ലയോ എന്ന് പൂർണ്ണമായും ബോധ്യപ്പെടുത്താൻ പ്രയാസമായിരുന്നു എന്ന് ഡോ. ക്രെറ്റിഗ്നിയർ വിശദീകരിച്ചിരുന്നു. 

Read more: ഭൂമിയൊക്കെ എത്ര നിസ്സാരം! ശനി പുതിയ ‘മൂൺ കിംഗ്’, കണ്ടെത്തിയത് 128 ഉപഗ്രഹങ്ങള്‍; ആകെ ഉപഗ്രഹങ്ങള്‍ 274

ഈ കണ്ടെത്തലിന് പിന്നാലെ, അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ ഒരു സംഘം രണ്ട് പതിറ്റാണ്ടുകളായി ശേഖരിച്ചിരുന്ന ഡാറ്റകൾ  വിശകലനം ചെയ്തു, HARPS-ൽ നിന്നുള്ള കണ്ടെത്തലുകളും കൂടുതൽ നൂതനമായ ഒരു ഉപകരണമായ ESPRESSO-യിൽ നിന്നുള്ള നിരീക്ഷണങ്ങളും സംയോജിപ്പിച്ചു. അങ്ങനെ നീണ്ട  നിരീക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും ഒടുവിൽ HD 20794 d ഒരു സൂപ്പർ-എർത്ത് ആണെന്ന് സ്ഥിരീകരിച്ചു, ഇത് നമ്മുടെ സൗരയൂഥത്തിനപ്പുറം വാസയോഗ്യമായ ഗ്രഹങ്ങൾ കണ്ടെത്താനുള്ള പ്രതീക്ഷകളെ കൂടി ബലപ്പെടുത്തുന്നു. നൂതന ഡാറ്റാ പ്രോസസ്സിംഗ് രീതികൾ ഉപയോഗിച്ചാണ് ജ്യോതി ശാസ്ത്രജ്ഞര്‍ ഇത്തരമൊരു കണ്ടെത്തൽ നടത്തിയത്. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളില്‍ ഈ രണ്ടാം ഭൂമിയുടെ ഒരു ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയും ശാസ്താ ലോകം പങ്കുവയ്ക്കുന്നു. 

HD 20794 d-യുടെ പ്രത്യേകത തന്നെ അതിന്‍റെ ഭ്രമണപഥം പൂർണ്ണമായും വൃത്താകൃതിയില്ല. പകരം, അത് ഒരു ദീർഘവൃത്താകൃതിയിലുള്ള പാത പിന്തുടരുന്നു, അതായത് വർഷം മുഴുവനും അത് വാസയോഗ്യമായ മേഖലയുടെ പുറം അറ്റത്ത് നിന്ന് അകത്തെ അരികിലേക്ക് നീങ്ങും. HD 20794 d-യിൽ ജീവൻ നിലനിൽക്കാൻ അനുയോജ്യമായ സാഹചര്യങ്ങളുണ്ടോ എന്ന് ശാസ്ത്രജ്ഞർക്ക് ഇതുവരെ നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഭൂമിയുമായുള്ള അതിന്‍റെ സാമീപ്യം ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളെ ചൂടുപിടിപ്പിക്കും.

Read more: മഹാവിസ്ഫോടനത്തിന് 100 ദശലക്ഷം വർഷങ്ങൾക്ക് ശേഷം പ്രപഞ്ചത്തിൽ ജലം രൂപപ്പെട്ടിരിക്കാം- പഠനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin