200 എംപി ക്യാമറ സഹിതം മറ്റൊരു സൂപ്പര്‍ ഫോണ്‍; റെഡ്മി നോട്ട് 14എസ് പുറത്തിറങ്ങി, വിലയും ഫീച്ചറുകളും
ചൈനീസ് കമ്പനിയായ ഷവോമിയുടെ ഉപബ്രാന്‍ഡായ റെഡ്മി പുതിയ 4ജി സ്മാര്‍ട്ട്ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 14എസ് (Redmi Note 14s) എന്നാണ് മീഡിയടെക് ഹീലിയോ ജി99-അള്‍ട്രാ ചിപ്പും 200 മെഗാപിക്സല്‍ ക്യാമറയും വരുന്ന ഈ 4ജി ഫോണിന്റെ പേര്. റെഡ്മി നോട്ട് 14എസിന്റെ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും വിലയും വിശദമായി പരിചയപ്പെടാം.
റെഡ്മി നോട്ട് 14എസ് സ്പെസിഫിക്കേഷനുകള്‍
റെഡ്മി നോട്ട് 14എസ് ഇരട്ട സിമ്മില്‍ വരുന്ന സ്മാര്‍ട്ട്ഫോണാണ്. എന്നാല്‍ ഈ ഫോണില്‍ വരുന്നത് ഏത് ആന്‍ഡ്രോയ്ഡ് വേര്‍ഷനാണ് എന്ന് വ്യക്തമല്ല. ഫോണിലെ ചിപ്സെറ്റ് ഒക്റ്റാ-കോര്‍ മീഡിയടെക് ഹീലിയോ ജി99-അള്‍ട്ര എസ്ഒസി ആണ്. റെഡ്മി നോട്ട് 13 പ്രോ 4ജിയുടെ പുതുക്കിയ വേര്‍ഷനാണ് റെഡ്മി നോട്ട് 14എസ് എന്നാണ് വിവരം. നോട്ട് 13 പ്രോ 4ജിയിലും ഇതേ ചിപ്പായിരുന്നു ഉപയോഗിച്ചിരുന്നത്. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 pixels) അമോലെഡ് ഡിസ്പ്ലെ സ്കീനില്‍ വരുന്ന റെഡ്മി നോട്ട് 14എസില്‍ 120Hz ആണ് റിഫ്രഷ് റേറ്റ്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 സുരക്ഷയുമുണ്ട്.
ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കുമായി 200 എംപി പ്രധാന ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ്, 2 എംപി മാക്രോ ക്യാമറകള്‍ റെഡ്മി നോട്ട് 14എസിന്റെ റീയറില് ഉള്‍പ്പെടുത്തിയിരിക്കുന്നു. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ഫ്രണ്ട് ക്യാമറ 16 മെഗാപിക്സലിന്റെതാണ്. 4ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.2, എന്‍എഫ്സി,ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിങ്ങനെയാണ് ഫോണിലെ കണക്റ്റിവിറ്റി സൗകര്യങ്ങള്‍. 5,000 എംഎഎച്ച് ബാറ്ററി കരുത്തില്‍ ഇറങ്ങിയ റെഡ്മി നോട്ട് 14എസിനൊപ്പം വരുന്ന 67 വാട്സ് ചാര്‍ജറാണ്. ഫോണിന് ഇന്‍-ഡിസ്പ്ലെ ഫിംഗര്‍ പ്രിന്റ് സെന്‍സറുണ്ട്.
റെഡ്മി നോട്ട് 14എസ് സ്റ്റോറേജ്, വേരിയന്റ്, വില
റെഡ്മി നോട്ട് 14എസ് 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് കളര്‍ ഓപ്ഷനുകള്‍ റെഡ്മി നോട്ട് 14എസിനുണ്ട്. ഏതാണ്ട് 22,700 രൂപയാണ്ഈ ഫോണിന് ചെക്ക് റിപ്പബ്ലിക്കില്‍ വില.