വാഷിംഗ്‌ടൺ: 41 രാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കാൻ ട്രംപ് ഭരണകൂടം. ഇത്രയും രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും യാത്രാവിലക്കേർപ്പെടുത്തുക. അഫ്‌ഗാനിസ്ഥാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ 10 രാജ്യങ്ങളിലെ പൗരന്മാർക്ക് പൂർണമായ യാത്രാവിലക്കും വിസ സസ്പെൻഷനും ഏർപ്പെടുത്തും. ഈ രാജ്യങ്ങളെ ഗ്രൂപ്പ് ഒന്നിലാണ് ഉൾപ്പെടുത്തുക. എറിട്രീയ, ഹൈതി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളെ രണ്ടാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുത്തും. ഇവർക്ക് ടൂറിസ്റ്റ് വിസ, സ്റ്റുഡന്റ് വിസ, ഇമിഗ്രന്റ് വിസ എന്നിവയിലായിരിക്കും വിലക്ക്. പാകിസ്ഥാൻ, ഭൂട്ടാൻ തുടങ്ങി 26 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് മൂന്നാമത്തെ ഗ്രൂപ്പ്. ഇവർക്ക് വിസ നൽകുന്നത് ഭാഗികമായി നിർത്തിവെക്കാനാണ് ആലോചിക്കുന്നത്.
മൂന്നാമത്തെ ഗ്രൂപ്പിലുൾപ്പെട്ട രാജ്യങ്ങൾ അമേരിക്ക നിർദേശിക്കുന്ന മാറ്റങ്ങൾ 60 നടപ്പാക്കിയില്ലെങ്കിൽ വിലക്ക് നേരിടേണ്ടി വരും. എന്നാൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ അടക്കമുള്ളവർ പട്ടികയ്ക്ക് ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. ട്രംപ് തന്റെ ആദ്യ ടേമിൽ ഏഴ് മുസ്ളീം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഏറെ വിമർശനങ്ങൾ നേരിട്ട ഈ നീക്കത്തെ 2018ൽ സുപ്രീം കോടതി ശരിവച്ചു.
ദേശീയ സുരക്ഷയെ സംബന്ധിക്കുന്നതാണ് തീരുമാനമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം. അതേസമയം, അഫ്ഗാനെ വിലക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ വിമർശനമുയർന്നിരുന്നു. അമേരിക്കൻ സേനയ്‌ക്കൊപ്പം ജീവൻ പണയപ്പെടുത്തിയ അഫ്ഗാൻ സഖ്യകക്ഷികളോടുള്ള ഹൃദയശൂന്യമായ വഞ്ചനയായി വിമർശകർ കുറ്റപ്പെടുത്തി. പുനരധിവാസ സ്‌ക്രീനിംഗുകൾ പൂർത്തിയാക്കിയ അഫ്ഗാനികൾ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും കൂടുതൽ പരിശോധനയ്ക്ക് വിധേയരായ ആളുകളാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദീർഘകാല യുഎസ് സഖ്യകക്ഷിയുമായ പാകിസ്ഥാനെയും നിരോധനത്തിൽ ഉൾപ്പെടുത്തുന്നത് പ്രത്യാഘാതമുണ്ടാക്കും. വിലക്കിയാൽ യുഎസും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണേക്കും.