വിലക്കൂടുതല്‍ തിരിച്ചടിച്ചില്ല; ചരിത്രം കുറിച്ച് ഐഫോണ്‍ 16ഇ വില്‍പന
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 16ഇ (iPhone 16e) 2022ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയേക്കാള്‍ വില്‍പന രേഖപ്പെടുത്തുന്നു. മുന്‍ഗാമിയേക്കാള്‍ 170 ഡോളര്‍ വില കൂടിയിട്ടും ഐഫോണ്‍ 16ഇ വില്‍പനയുടെ ആദ്യ മൂന്ന് ദിനങ്ങളില്‍ 60 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് ബ്ലൂംബര്‍ഗിന്‍റെ റിപ്പോര്‍ട്ട്. ഐഫോണ്‍ 16ഇ-യുടെ വിലക്കൂടുതല്‍ ആപ്പിള്‍ പ്രേമികളെ പിന്നോട്ടടിച്ചില്ലെന്ന് സാരം.
ആപ്പിള്‍ 2022ലായിരുന്നു ഐഫോണ്‍ എസ്ഇ മൂന്നാം തലമുറ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്. ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി ഫോണ്‍ സീരീസായ എസ്ഇയുടെ പിന്‍ഗാമിയായി ആപ്പിള്‍ ഈ വര്‍ഷം ഐഫോണ്‍ 16ഇ പുറത്തിറക്കിയത് മിഡ്-റേഞ്ച് ഡിവൈസ് എന്ന തരത്തില്‍ പല പ്രീമിയം ഫീച്ചറുകളോടെയുമായിരുന്നു. അത്രയേറെ അപ്‌ഗ്രേഡുകള്‍ ഐഫോണ്‍ 16ഇയില്‍ വന്നപ്പോള്‍ ബേസ് മോഡലിന്‍റെ വിലയില്‍ ഐഫോണ്‍ എസ്ഇ 3-യുമായി താരതമ്യം ചെയ്യുമ്പോള്‍ 170 ഡോളറിന്‍റെ വര്‍ധനവുണ്ടായി. വില കൂടിയിട്ടും ഐഫോണ്‍ 16ഇയ്ക്ക് മികച്ച പ്രതികരണം വില്‍പനയുടെ ആദ്യ ദിനങ്ങളില്‍ മാര്‍ക്കറ്റില്‍ കിട്ടി. ഐഫോണ്‍ 16ഇ-യുടെ വില്‍പനയുടെ ആദ്യ മൂന്ന് ദിനങ്ങളില്‍ ഐഫോണ്‍ എസ്ഇ മൂന്നാം ജനറേഷനേക്കാള്‍ 60 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി.
59,900 രൂപയിലാണ് ഐഫോണ്‍ 16ഇ ഇന്ത്യയില്‍ ആരംഭിക്കുന്നത്. 128 ജിബി സ്റ്റോറേജ് വരുന്ന ബേസ് ഫോണ്‍ മോഡലിന്‍റെ വിലയാണിത്. 256 ജിബി മോഡലിന് 69,900 രൂപയും 512 ജിബി മോഡലിന് 89,900 രൂപയുമാണ് വില. ആമസോണ്‍ ഇന്ത്യ, ഫ്ലിപ്‌കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, വിജയ് സെയില്‍ തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകള്‍ വഴി ഐഫോണ്‍ 16ഇ ഇന്ത്യയില്‍ വാങ്ങാം. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ മാത്രമാണ് ഫോണ്‍ ലഭ്യം.
ഐഫോണ്‍ 16ഇ സ്പെസിഫിക്കേഷനുകള്‍
ഐഫോണ്‍ 16ഇ-യ്ക്ക് എ18 ചിപ്പ്, 6-കോര്‍ സിപിയു, ആപ്പിള്‍ ഇന്‍റലിജന്‍സ്, ചാറ്റ്‌ജിപിടി ഇന്‍റഗ്രേഷന്‍, 2x ഡിജിറ്റല്‍ സൂം സഹിതം 48 എംപി ഫ്യൂഷന്‍ സിംഗിള്‍ റീയര്‍ ക്യാമറ, ഓട്ടോഫോക്കസ് സഹിതം 12 എംപി ട്രൂഡെപ്ത് സെല്‍ഫി ക്യാമറ, 60 ഫ്രെയിം പെര്‍ സെക്കന്‍ഡ് സഹിതം 4കെ വീഡിയോ റെക്കോര്‍ഡിംഗ്, 26 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക്, 6.1 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലെ, ഫേസ് ഐഡി, ആക്ഷന്‍ ബട്ടണ്‍, യുഎസ്‌ബി-സി പോര്‍ട്ട് എന്നിവയുണ്ട്. ഐഫോണ്‍ എസ്ഇ 3-യുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയെല്ലാം വലിയ അപ്‌ഗ്രേഡുകളാണ്. എന്നാല്‍ ഒറ്റ റീയര്‍ ക്യാമറ മാത്രമുള്ളതും, ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ അപൂര്‍ണമാണെന്നതും ഐഫോണ്‍ 16ഇ-യുടെ ന്യൂനതകളായി പലരും ചൂണ്ടിക്കാട്ടുന്നു.
Read more: കാത്തിരിപ്പ് അവസാനിപ്പിച്ച് ഐഫോണ്‍ 16ഇ വില്‍പന ഇന്ത്യയില്‍ തുടങ്ങി; വിലക്കുറവില്‍ വാങ്ങാം