വിനായകൻ പറഞ്ഞത് പോലെ ഇത് സ്വിറ്റ്സർലൻഡോ സ്കോട്‍ലൻഡോ ആംസ്റ്റർഡാമോ ഒന്നുമല്ല; മല്ലൂസിന്റെ ഇഷ്ടയിടം
എല്ലാക്കാലത്തും ദക്ഷിണേന്ത്യയിലെ ടൂറിസ്റ്റ് സ്പോട്ടുകൾ എന്ന് പറയുമ്പോൾ ആദ്യം തന്നെ നമ്മുടെ മനസിലേയ്ക്ക് ഓടിയെത്തുന്ന പേരുകളാണ് ഊട്ടിയും കൊടൈക്കനാലും. ഇവിടങ്ങളിലേയ്ക്ക് ഇപ്പോഴും സഞ്ചാരികളുടെ ഒഴുക്കിന് ഒരു കുറവും സംഭവിച്ചിട്ടില്ല. എന്നാൽ, ഊട്ടിയും കൊടൈക്കനാലും കണ്ട് മടുത്തവരുടെ എണ്ണവും കൂടി വരികയാണ്.
(ചിത്രം: വിഷ്ണു എൻ വേണുഗോപാൽ)
ഊട്ടിയുടെയും കൊടൈക്കനാലിന്റെയുമൊക്കെ സമീപത്തുള്ളതും സഞ്ചാരികളുടെ തള്ളിക്കയറ്റമില്ലാത്തതുമായ സ്ഥലങ്ങളാണ് ഇപ്പോൾ സഞ്ചാരികൾക്കിടയിലും സോഷ്യൽ മീഡിയയിലുമൊക്കെ ട്രെൻഡായി മാറുന്നത്. വട്ടവട, കിന്നക്കോരൈ, കൂക്കാൽ തുടങ്ങിയ സ്ഥലങ്ങളാണ് ഇതിന് ഉദാഹരണം. അത്തരത്തിൽ സമീപകാലത്ത് സഞ്ചാരികൾ തേടിയെത്തുന്ന ഒരിടമാണ് കൊടൈക്കനാലിന് സമീപമുള്ള പൂണ്ടി.
(ചിത്രങ്ങൾ: വിഷ്ണു എൻ വേണുഗോപാൽ)
മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും പച്ചപ്പിനും, ശാന്തതയ്ക്കും പേരുകേട്ട പൂണ്ടി ഇന്ന് സഞ്ചാരികളെയും സാഹസികരെയും ഒരുപോലെ ആകർഷിക്കുകയാണ്. തണുത്ത കാലാവസ്ഥ, കോടമഞ്ഞ്, നിത്യഹരിത വനങ്ങൾ, പുൽമേടുകൾ, തേയിലത്തോട്ടങ്ങൾ എന്നിവയാണ് പൂണ്ടിയെ സുന്ദരിയാക്കുന്നത്.
(ചിത്രം: rahul_mundackal)
നിരവധി സസ്യ-ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമായ ഇവിടം പ്രകൃതിസ്‌നേഹികൾക്കും വന്യജീവി ഫോട്ടോഗ്രാഫർമാർക്കും അനുയോജ്യമായ ഒരു സ്പോട്ടാണ്. പൂണ്ടിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ട്രെക്കിംഗ്. ട്രെക്കിംഗിന് പുറമേ ക്യാമ്പിംഗ്, പക്ഷിനിരീക്ഷണം, ഫോട്ടോഗ്രാഫി തുടങ്ങിയവയ്ക്കും പറ്റിയ ഇടമാണിത്.
(ചിത്രം: rahul_mundackal)
പൂണ്ടി ഒരു വിനോദ സഞ്ചാര കേന്ദ്രമല്ലെന്ന യാഥാർത്ഥ്യം മനസിൽ വെച്ച് വേണം ഇവിടേയ്ക്ക് യാത്ര പ്ലാൻ ചെയ്യാൻ. ശാന്തത തേടുന്നവർക്ക് പറ്റിയ ആൾത്തിരക്കില്ലാത്ത ഒരു കാർഷിക ഗ്രാമമാണ് പൂണ്ടി. വെളുത്തുള്ളിയാണ് പൂണ്ടിയിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതിന് പുറമെ ഉരുളക്കിഴങ്ങ്, ബീൻസ്, ക്യാരറ്റ്, മല്ലി തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യാറുണ്ട്. വർഷം മുഴുവനും കൃഷിയിറക്കുന്ന നാടെന്ന സവിശേഷതയും പൂണ്ടിയ്ക്ക് ഉണ്ട്.
(ചിത്രം: rahul_mundackal)
തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് പ്രകൃതിയുടെ പച്ചയായ സൗന്ദര്യം ആസ്വദിച്ച് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ സമയം ചെലവഴിക്കാൻ പൂണ്ടിയിലേയ്ക്ക് പോകാം. ഏപ്രിൽ മുതൽ ജൂൺ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
(ചിത്രം: വിഷ്ണു എൻ വേണുഗോപാൽ)
എങ്ങനെ എത്തിച്ചേരാം
കൊടൈക്കനാലിൽ നിന്ന് പൂമ്പാറ, മന്നവന്നൂർ വഴി 40 കിലോ മീറ്റർ സഞ്ചരിച്ചാൽ പൂണ്ടിയിലെത്താം.
പ്രധാന സ്ഥലങ്ങൾ: പെരുമാൾ പീക്ക്, സൈലന്റ് വാലി വ്യൂ, മന്നവന്നൂർ ലേക്ക്, പാമ്പാടും ഷോല ദേശീയോദ്യാനം.