റിലീസില്‍ മാറ്റമില്ലെന്ന ഉറപ്പ്; തൊട്ടുപിന്നാലെ ‘എമ്പുരാന്‍’ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് ആ മാര്‍ക്കറ്റ്

മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല, മലയാള സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍. മാര്‍ച്ച് 27 എന്ന റിലീസ് തീയതി വളരെ മുന്‍പേ പ്രഖ്യാപിച്ച ചിത്രത്തിന്‍റേതായി പുതിയ അപ്ഡേറ്റുകളൊന്നും കഴിഞ്ഞ രണ്ട് ആഴ്ചയായി വരാത്തത് സിനിമാപ്രേമികളില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷന്‍സിനും ഇടയിലുള്ള തര്‍ക്കം കാരണം റിലീസ് പ്രതിസന്ധിയിലാണെന്നും പിന്നാലെ റിപ്പോര്‍ട്ടുകള്‍ എത്തി. എന്നാല്‍ രക്ഷകനായി ശ്രീ ഗോകുലം മൂവീസ് എത്തിയതോടെ ചിത്രം മാര്‍ച്ച് 27 ന് തന്നെ എത്തുമെന്ന് ഉറപ്പായി. ഇത്തരത്തില്‍ ഒരു തീരുമാനം എത്തിയ ദിവസം തന്നെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. അത് കേരളത്തിലല്ലെന്ന് മാത്രം.

യുഎസിലാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളില്‍ നിന്നുള്ള ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുഎസ് സമയം 26 ന് രാത്രി 8.30 നുള്ള ആദ്യ ഷോയുടെ സ്ക്രീന്‍ ഷോട്ടുകളാണ് പ്രധാനമായും പ്രചരിക്കുന്നത്. ഇത് ഇന്ത്യന്‍ സമയം 27 ന് പുലര്‍ച്ചെ 6 നാണ്. അതേസമയം റിലീസ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഒഴിവായതോടെ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ വീണ്ടും വന്നുതുടങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

യു/ എ 16 പ്ലസ് വിഭാഗത്തിലാണ് ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുന്നത് എന്നാണ് വിവരം. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്. അതായത് 3 മണിക്കൂറോളം. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിന്ന് കട്ട് ചെയ്തത് വെറും 10 സെക്കന്‍ഡ് മാത്രമാണ്. ഇതില്‍ 4 സെക്കന്‍ഡ് ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരം ആവശ്യാനുസരണം മാറ്റി ചേര്‍ത്തിട്ടുമുണ്ട്. 

ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; ‘രണ്ടാം മുഖം’ ഏപ്രിലില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin

You missed