രോഹിത് ഹോളിഡേ മൂഡില്‍, ബുമ്ര ആദ്യ മത്സരങ്ങള്‍ക്കില്ല! മുംബൈ ലക്ഷ്യമിടുന്നത് ആറാം ഐപിഎല്‍

മുംബൈ: ആറാം ഐപിഎല്‍ കിരീടം പ്രതീക്ഷിച്ചാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനത്തിന്റെ ക്ഷീണം തീര്‍ത്ത്, ക്യാപ്റ്റന്‍സി മികവ് കൂടി തെളിയിക്കണം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലില്‍ ദൈവത്തിന്റെ പോരാളികളാണ് മുംബൈ ഇന്ത്യന്‍ഡ്. തോറ്റുകൊണ്ട് തുടങ്ങിയാലും ഒടുവില്‍ കിരീടവുമായി തലയുയര്‍ത്തി നില്‍ക്കുന്നവര്‍. അഞ്ച് കിരീടം നേടി വമ്പന്‍മാര്‍. രോഹിതും സൂര്യയും ഹാര്‍ദികും ബുമ്രയുമുള്ള തനി ഇന്ത്യന്‍ സംഘം. കൂട്ടിന് തിലക് വര്‍മ, ട്രെന്‍ഡ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍ എന്നിങ്ങനെ സൂപ്പര്‍ താരങ്ങളും 2013 മുതല്‍ 2020 വരെ മുംബൈയുടെ പടയോട്ടമായിരുന്നു ഐപിഎല്ലില്‍.

പക്ഷേ 2020ന് ശേഷം ഒന്ന് കിതച്ചു. 2022ലും 2024ലും പോയിന്റ് പട്ടികയില്‍ ഏറെ പിന്നില്‍ പോയി. പോയ വര്‍ഷത്തെ ക്യാപ്റ്റന്‍സി കൈമാറ്റമടക്കം തിരിച്ചടിച്ചു. ഹാര്‍ദികിനെ കൂവിവിളിച്ച ആരാധകര്‍ ട്വന്റി 20 കിരീട നേട്ടത്തിന് ശേഷം ഹാര്‍ദിക്കിനായി കയ്യടിച്ചു. പേപ്പറിലെ എല്ലാവരും ക്ലിക്കായാല്‍ ആറാം കിരീടം മുംബൈ ഇന്ത്യന്‍സ് ഷെല്‍ഫിലെത്തും. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ടാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീമിലെ വെടിക്കെട്ട് പ്രകടനം മുംബൈയിലെത്തുമ്പോള്‍ രോഹിത് മറക്കാറാണ് പതിന്. പക്ഷേ, ഇക്കുറി രണ്ട് ഐസിസി കിരീടമൊക്കെ നേടിയെത്തുന്ന ഹിറ്റ്മാന് ഐപിഎല്‍ നിര്‍ണായകമാണ്. 

പുള്ളി ഒരു ഹോളിഡേ മൂഡില്‍ തന്നെ പത്തിരുപത് പന്തില്‍ 40 – 60 റണ്‍സൊക്കെ നേടിയാല്‍ തന്നെ ടീം ഹാപ്പി. ഓപ്പണിങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ താരം റിയാന്‍ റിക്കല്‍ട്ടണായിരിക്കും രോഹിതിന്റെ പങ്കാളി. 135ന് മുകളിലാണ് ഈ വിക്കറ്റ് കീപ്പറുടെ സ്‌ട്രൈക്ക് റേറ്റ്. പിന്നാലെ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നമന്‍ ധീര്‍. അപകടകാരികളായ മധ്യനിര താരങ്ങള്‍. ഇതിനും പിന്നാലാണ് ഹാര്‍ദിക് എത്തുക. ഇവരില്‍ ആരെങ്കിലുമൊക്കെ ക്ലിക്കായാല്‍ തന്നെ മുംബൈ പൊളിക്കുമെന്നുറപ്പ്. ബൗളിംഗിലേക്ക് വന്നാല്‍ ബുമ്ര – ബോള്‍ട്ട് സഖ്യമാവും പവര്‍ പ്ലേ തുടങ്ങുന്നത്.

ഏത് കിടിലം ബാറ്ററും ആദ്യ നാല് ഓവര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടും. ആദ്യ ബൗളിംഗ് ചേഞ്ചായി ദീപക് ചഹറും ഹാര്‍ദിക് പണ്ഡ്യയും എത്തും. സ്പിന്‍ ഓപ്ഷനായി മിച്ചല്‍ സാന്റ്‌നറും മുജീബ് ഉര്‍ റഹ്മാനും. ജസ്പ്രീത് ബുമ്ര ആദ്യ നാല് മത്സരങ്ങളില്‍ കളിച്ചേക്കില്ല എന്നത് മാത്രമാണ് ടീമിന് തിരിച്ചടി. ബുമ്രയില്ലാത്ത ആദ്യ മത്സരങ്ങളില്‍ തന്നെ ജയിച്ച് ആത്മവിശ്വാസം കൂട്ടാനാകും ടീമിന്റെ ശ്രമം. 23ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് സീസണിലെ മൂംബൈയുടെ ആദ്യ മത്സരം. തുടക്കം തന്നെ ഹൈ വോള്‍ട്ടേജില്‍. എല്ലാം സൂപ്പര്‍ താരങ്ങളായതിനാല്‍ പകരക്കാരുടെ നിര അത്ര ശക്തമല്ലെന്നതാണ് ടീമിന്റെ പ്രതിസന്ധി. 

ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റന്‍ സൂര്യയുടെ 360 പ്രകടനം കണ്ടിട്ട് കുറച്ചേറെ ആയെന്നത് ആരാധകര്‍ക്ക് ആശങ്ക നല്‍കുന്നുണ്ട്. സൂപ്പര്‍ ബോളേഴ്‌സുണ്ടെങ്കിലും ഇവരെ മറികടന്ന് ഹാര്‍ദിക് തന്നെ ആദ്യ ഓവറുകളെറിയാന്‍ എത്തുമോ എന്നും ആരാധകര്‍ ആശങ്കപ്പെടുത്തു. കഴിഞ്ഞ വര്‍ഷം ഹാര്‍ദിക്കിനെ കൂവിയ ആരാധകര്‍ ഇക്കുറി കയ്യടികളും ആര്‍പ്പുവിളികളും നല്‍കിയാവും ഹാര്‍ദികിനെ സ്വീകരിക്കുക. പക്ഷേ, ടീമിന്റെ പ്രകടനം താഴേട്ടാണെങ്കില്‍ പ്രശ്‌നമാണ്. രോഹിതും സൂര്യയും ബുമ്രയുമടക്കമുള്ള ക്യാപ്റ്റന്‍സ് ടീമും കൂടിയാണ് മുംബൈ. ഒരു തിരിച്ചടി തലപ്പടക്കം മാറ്റം വരുത്തിയേക്കും. ഇമോഷണലി മത്സരം കാണുന്ന ആരാധകര്‍ക്ക് ഒരു തോല്‍വി കൂടി സഹിക്കാന്‍ കഴിയില്ലെ. എന്തായാലും ദൈവത്തിന്റെ പോരാളികള്‍ കരുതിയാകും ഇറങ്ങുകയെന്നുറപ്പ്.

By admin