മകളുടെ കല്യാണക്കാര്യത്തില്‍ തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ കൊന്ന് വയലില്‍ ഉപേക്ഷിച്ചു

ലക്നൗ:ഗാസിയാബാദില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് വയലില്‍ ഉപേക്ഷിച്ചയാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച പത്തുമണിയോടെയാണ് യുവതിയുടെ മൃതശരീരം പ്രദേശത്തെ വയലില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.  രേണു ശര്‍മ്മ (48) യെയാണ് ഭര്‍ത്താവ് അനില്‍ ശര്‍മ്മ (50) കഴുത്ത് ഞെരിച്ച് കൊന്നത്. മകളുടെ വിവാഹക്കാര്യത്തെ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

മകളെ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായി വിവാഹം കഴിപ്പിക്കാന്‍ രേണു തീരുമാനിച്ചിരുന്നു. എന്നാല്‍ അനിലിന് ഇത് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് രണ്ടുപേരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്ന് അനില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ വാക്കുതര്‍ക്കമുണ്ടായി. മകളുടെ കല്യാണം എതിര്‍ത്തതിനെ പറ്റി രേണു പറഞ്ഞപ്പോള്‍ അനില്‍ പ്രകോപിതനായി. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതശരീരം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുടുംബത്തിന്‍റെ പരാതിയെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. 

Read More:അയൽക്കാരൻ പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, വീടുകേറി അക്രമിച്ചു; 64 കാരന് ദാരുണാന്ത്യം
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin