കൊല്ലത്ത് എക്സൈസിന്റെ രാത്രി പരിശോധനയിൽ കുടുങ്ങിയത് ബോക്സിങ് പരിശീലകൻ; കൈയിൽ 16 ഗ്രാം എംഡിഎംഎ

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പന്മന സ്വദേശി ഗോകുലാണ് 16 ഗ്രാമിലധികം എംഡിഎംഎയുമായി പിടിയിലായത്. കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിരാം, ജോജോ, ജൂലിയൻ ക്രൂസ്, അജിത്, അനീഷ്, സൂരജ്, ബാലുസുന്ദർ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗ, നിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ കണ്ണൂർ ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി വിൽപ്പനക്കുള്ള കവറുകളും ത്രാസും ഇവിടെ നിന്ന് കണ്ടെടുത്തു. പൊലീസിനെ കണ്ടപ്പോൾ മയക്കുമരുന്ന് ടോയ്‌ലെറ്റിൽ ഇട്ട് നശിപ്പിക്കാൻ സംഘം ശ്രമിച്ചെങ്കിലും പൊലീസ് തടയുകയായിരുന്നു. ബാക്കി വന്ന എംഡിഎംഎ ഇവരുടെ കയ്യിൽ നിന്ന് പിടികൂടാൻ സാധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin

You missed