ഒറ്റയ്ക്ക് പൊരുതി കരയ്ക്കടുപ്പിച്ച ജീവിതം കൊണ്ട് അമ്മ പഠിപ്പിച്ച പാഠം, ‘തളരരുത്, പൊരുതണം!’
ഒറ്റയ്ക്ക് പൊരുതി കരയ്ക്കടുപ്പിച്ച ജീവിതം കൊണ്ട് അമ്മ പഠിപ്പിച്ച പാഠം, ‘തളരരുത്, പൊരുതണം!’

‘നിന്നെ അംഗീകരിക്കാത്ത ഒരു ബന്ധത്തിലും കടിച്ചുതൂങ്ങി നില്‍ക്കരുത്. അന്തസ്സോടെ ഇറങ്ങി പോരുക’ എന്നായിരുന്നു ആ ബന്ധം ഉപേക്ഷിച്ച് വരുമ്പോൾ അമ്മ നല്‍കിയ ഉപദേശം. 

 

 

 

ഒറ്റയ്ക്ക് പൊരുതി കരയ്ക്കടുപ്പിച്ച ജീവിതം കൊണ്ട് അമ്മ പഠിപ്പിച്ച പാഠം, ‘തളരരുത്, പൊരുതണം!’

പ്രതിസന്ധികള്‍ തരണം ചെയ്യുന്ന നേരങ്ങളില്‍ പലപ്പോഴും, ഓര്‍ക്കുന്ന ഒരു കാര്യമുണ്ട്. എങ്ങനെ ഇത്രയും ധൈര്യം കിട്ടുന്നു? 

ആലോചിക്കുമ്പോള്‍ ആ ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം. എന്‍റെ ജീവിതത്തിലെ സ്ത്രീകള്‍. ഏറ്റവും തന്‍റെടമുള്ള സ്ത്രീകള്‍ക്കിടയിലാണ് ഞാന്‍ വളര്‍ന്നതും വലുതായതും. 

ജീവിക്കാന്‍  പഠിപ്പിച്ച, അതിജീവിക്കാന്‍ കരുത്തു പകര്‍ന്ന അമ്മയേക്കാള്‍ എന്നെ സ്വാധീനിച്ച സ്ത്രീ  ഭൂമിയിലില്ല. 

എന്‍റെ അഞ്ചാം വയസ്സില്‍ ആയിരുന്നു അച്ഛന്‍റെ മരണം. പതിമൂന്ന് വയസ്സായ ചേച്ചിയെയും അഞ്ച് വയസ്സുള്ള എന്നെയും ചേര്‍ത്ത് പിടിച്ച് വൈധവ്യത്തിന്‍റെ കഠിനമായ ദിവസങ്ങളിലും അമ്മ ഒറ്റയ്ക്ക് നടത്തിയ പോരാട്ടം. അത് എന്‍റെ യൗവനകാലത്തിനും ഏറെ കരുത്തു പകര്‍ന്നിട്ടുണ്ട്. അച്ഛന്‍റെ മരണം വീഴ്ത്തിയ നിഴലില്‍ ഒരു നിമിഷം പോലും കരഞ്ഞു തീര്‍ക്കാതെ അമ്മ നടത്തിയ അതിജീവന യാത്ര ഇന്നും തുടരുന്നു. ഒറ്റയ്ക്ക് നിന്നാലും തന്‍റേടത്തോടെ നില്‍ക്കുക എന്നതാണ് അന്നും ഇന്നും അമ്മയുടെ ജീവിതത്തിന്‍റെ പൊരുള്‍.

അമ്മയ്ക്ക് അധികം വിദ്യാഭ്യാസം ഇല്ലായിരുന്നു. അച്ഛന്‍ മരിച്ച ആദ്യ നാളുകളില്‍ തന്നെ അമ്മ ജോലിക്ക് പോയി തുടങ്ങി. മുളക് പൊടിക്കുന്ന ഒരു മില്ലില്‍ ആയിരുന്നു അമ്മക്ക് ജോലി. വൈകുന്നേരം ജോലി കഴിഞ്ഞു വരുന്ന അമ്മയെ കെട്ടി പിടിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ശരീരം നീറുമായിരുന്നു. രാത്രിയില്‍ കൈകളുടെ നീറ്റല്‍ ശമിക്കാന്‍ അമ്മ കൈകള്‍ തണുത്ത വെള്ളത്തില്‍ മുക്കിവെക്കുന്നത് ഓര്‍മയിലുണ്ട്. തലോടുമ്പോള്‍ മിനുസം തോന്നുന്ന ആ കൈകളുടെ ഭംഗിയും മാര്‍ദ്ദവവും കഠിനമായ ജോലികള്‍ കാരണം നഷ്ടപ്പെട്ടിരുന്നു. ആ മുളകുപൊടി ചൂടില്‍ വെന്ത് നീറി അമ്മ ഞങ്ങളുടെ ജീവിതത്തിന് തണലായി മാറി. സമൂഹം പകര്‍ന്ന ആകുലതകള്‍ വക വെക്കാതെ, വൈധവ്യത്തിന്‍റെ ചുടു മണലിലൂടെ നടക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ കാല് പൊള്ളാതെ അമ്മ കാത്തു. 

അമ്മ ഞങ്ങളുടെ ജീവിതം ഒരിക്കല്‍ പോലും തീരുമാനിച്ചിട്ടില്ല. തീരുമാനങ്ങള്‍ എടുക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിക്കൊണ്ടിരുന്നു. ഉപദേശങ്ങളിലൂടെ നടത്താതെ, ജീവിതം കൊണ്ട് പഠിപ്പിച്ചു തന്നു.

തല ഉയര്‍ത്തിപ്പിടിച്ച് നടക്കാന്‍ കഴിയാത്ത ജീവിതമാണ് മുന്നില്‍ എങ്കില്‍ ആ ജീവിതം വേണ്ടെന്നു വെക്കാനുള്ള ധൈര്യം കാണിക്കണം എന്നു പഠിപ്പിച്ചത് അമ്മയാണ്. അഭിമാനത്തോടെ നിലപാടുകള്‍ തുറന്നുപറയാന്‍, തന്‍റെതല്ലാത്ത ഇടങ്ങളില്‍ നിന്നും ഇറങ്ങിപ്പോരാന്‍ അമ്മയാണ് കരുത്ത് നല്‍കിയത്.

ഇരുപത്തഞ്ചാം വയസ്സില്‍ ആയിരുന്നു എന്‍റെ വിവാഹം. ദാമ്പത്യത്തിന്‍റെ ഏറ്റവും മധുരിതമായ കാലഘട്ടം തീരുന്നതിന് മുന്‍പേ ഞങ്ങള്‍ക്കിടയില്‍ പ്രണയം വറ്റിതീര്‍ന്നു. ഒരു മാസം മാത്രം നിലനിന്ന ആ വിവാഹബന്ധം ഉപേക്ഷിച്ച്, കല്യാണപുതുമോടി മാറാത്ത വീട്ടിലേക്ക് ഞാന്‍ തിരിച്ചു ചെന്നപ്പോള്‍ അമ്മയുടെ മുഖം വാടിയില്ല. സസന്തോഷം അവര്‍  സ്വീകരിച്ചു. ചേര്‍ത്തുപിടിച്ചു ‘സഹിക്കണം കുറച്ചൊക്കെ’  എന്ന ഏറ്റവും ക്രൂരമായ പറച്ചിലില്‍ അവര്‍ എന്‍റെ ജീവിതത്തെ റദ്ദ് ചെയ്തു കളഞ്ഞില്ല. 

പകരം, ‘നിന്നെ അംഗീകരിക്കാത്ത ഒരു ബന്ധത്തിലും കടിച്ചുതൂങ്ങി നില്‍ക്കരുത്. അന്തസ്സോടെ ഇറങ്ങി പോരുക’ എന്നാണ് അമ്മ പറഞ്ഞത്. 

ജീവിതം ഉലഞ്ഞു പോകുമ്പോള്‍,  തോളില്‍ തട്ടാന്‍, ധൈര്യം പകരാന്‍ അമ്മയോളം വലിയൊരു പിന്തുണ വേറെയില്ലായിരുന്നു. കരഞ്ഞു കണ്ണ് കലങ്ങിയ രാത്രികളില്‍ ഉറങ്ങുന്നത് വരെ അമ്മയും ഉറങ്ങിയില്ല. പഴയ അഞ്ച് വയസ്സുകാരിയെ ചേര്‍ത്ത് പിടിച്ചതുപോലെ അമ്മ വീണ്ടും ചേര്‍ത്ത് പിടിച്ചു. ആധികളെ യാതൊരു മടുപ്പും ഇല്ലാതെ കേട്ടിരുന്നു. വീണ്ടും എഴുതാന്‍, വായിക്കാന്‍ പഴയ ജീവിതത്തെ വീണ്ടെടുക്കാന്‍, ജീവിതത്തില്‍ പക്വമായ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അമ്മ എനിക്ക് കൂട്ടായി. നാട്ടുകാരോട് എന്ത് പറയും എന്ന അനാവശ്യ ആകുലത അമ്മ ഒരിക്കലും കാണിച്ചിട്ടില്ല.

‘ഡിവോഴ്‌സ് ഈസ് നോര്‍മല്‍’ എന്ന് മനസ്സിലാക്കി തന്നതും അമ്മയാണ്. ഒറ്റപ്പെട്ട് പോയാലും ജീവിതം മുന്‍പോട്ടു പോകുമെന്ന് അവര്‍ സ്വജീവിതത്തിലൂടെ എന്നെ പഠിപ്പിച്ചു. മകളുടെ വിവാഹമോചനത്തെ കുറിച്ച് കുത്തി പറയുന്നവരോട് ‘എനിക്ക് എന്‍റെ മകളുടെ ഭാവിയാണ് വലുത്, വിവാഹമല്ല’ എന്ന് തിരിച്ചു പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന അമ്മ എന്‍റെ ഭാഗ്യമാണ്.

ഇന്ന് പഴയ ഞാന്‍ ഉണര്‍ന്ന് തുടങ്ങിയെങ്കില്‍, വിവാഹമോചനത്തിന് ശേഷം ജീവിതം ഉണ്ട് എന്ന് മനസ്സിലാക്കിയെങ്കില്‍ അതിന് ഒറ്റ കാരണം എന്‍റെ അമ്മയാണ്. അമ്മയോളം കരുത്തുള്ള പെണ്ണായി എനിക്കും മാറേണ്ടതുണ്ട്.

 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം

 

 

 

By admin