മദ്യലഹരിയിൽ ദിവസങ്ങളോളം അമ്മക്ക് മകന്‍റെ ക്രൂരമർദനം; ഇടപെട്ട് ബന്ധുക്കൾ, ദൃശ്യങ്ങളടക്കം പകർത്തി, മകൻ പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കവിയൂരിൽ മദ്യലഹരിയിൽ ദിവസങ്ങളോളം അമ്മയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ മകൻ പിടിയിൽ. ഏറെ നാളായി അമ്മയെ മകൻ മര്‍ദിച്ച സംഭവത്തിലാണ് ഇപ്പോള്‍ പ്രതി പിടിയിലായത്. 75 വയസുള്ള സരോജിനിക്കാണ് ക്രൂര മര്‍ദനമേറ്റത്. സംഭവത്തിൽ ഇവരുടെ മകൻ സന്തോഷ് ആണ് അറസ്റ്റിലായത്. മദ്യലഹരിയിൽ ക്രൂരമർദ്ദനം പതിവായതോടെ അയൽ വീട്ടിൽ താമസിക്കുന്ന ബന്ധുക്കളാണ് ദൃശ്യങ്ങൾ പകർത്തിയത്.
കുറെക്കാലമായി മകൻ മദ്യലഹരിയിൽ മര്‍ദിക്കുന്നുണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. അമ്മയും മകനും മാത്രമാണ് ഇവിടെ താമസിക്കുന്നത്. സഹോദരങ്ങളടക്കം മറ്റു വീടുകളിലാണ് താമസം. മര്‍ദനം തുടര്‍ന്നതോടെയാണ് തെളിവുണ്ടാക്കാനും പൊലീസിൽ പരാതി നൽകാനും ബന്ധുക്കള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജനപ്രതിനിധികളടക്കം ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. തുടര്‍ന്ന് മകൻ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു. ഉടൻ തന്നെ തിരുവല്ല പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.