ബിസിസിഐയെ പാഠം പഠിപ്പിക്കണമെങ്കില്‍ അത് ചെയ്തേ മതിയാവു; ക്രിക്കറ്റ് ബോര്‍ഡുകളോട് ഇന്‍സമാം ഉള്‍ ഹഖ്

കറാച്ചി: ഇന്ത്യൻ കളിക്കാരെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കാത്ത ബിസിസിഐ നടത്തുന്ന ഐപിഎല്ലില്‍ കളിക്കാന്‍ വിദേശ കളിക്കാരെ അയക്കരുതെന്ന് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളോട് അഭ്യര്‍ത്ഥിച്ച് മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ചാമ്പ്യൻസ് ട്രോഫയിലെ കാര്യങ്ങളെല്ലാം മാറ്റിവെച്ചേക്കു. ഐപിഎല്ലിന്‍റെ കാര്യമെടുക്കു. എല്ലാ വിദേശ കളിക്കാരും ഐപിഎല്ലില്‍ കളിക്കാന്‍ ഇന്ത്യയിലെത്തുന്നുണ്ട്. എന്നാല്‍ ഒരൊറ്റ ഇന്ത്യൻ താരത്തെപ്പോലും വിദേശ ലീഗില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കില്ല.

അതുകൊണ്ട് തന്നെ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളും തങ്ങളുടെ കളിക്കാരെ ഐപിഎല്ലില്‍ കളിക്കാന്‍ അയക്കാതെ ബഹിഷ്കരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.  അങ്ങനെ ചെയ്താല്‍ മാത്രമെ ബിസിസിഐ പാഠം പഠിക്കൂവെന്നും ഇന്‍സമാം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന താരങ്ങള്‍ക്ക് മാത്രമാണ് ബോര്‍ഡിന്‍റെ അനുമതിയോടെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയുള്ളത്. വനിതാ താരങ്ങളെ ബിഗ് ബാഷ് ലീഗിലും ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗിലുമെല്ലാം കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കുമ്പോഴും ഇന്ത്യൻ പുരുഷ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. ഇതിനെതിരെയാണ് ഇന്‍സമാമിന്‍റെ പ്രസ്താവന.

മാര്‍ച്ച് 22നാണ് ഇത്തവണ ഐപിഎല്‍ സീസണ്‍ തുടങ്ങുന്നത്. ഏപ്രില്‍ 11 മുതല്‍ മെയ് 18വരെയാണ് പാകിസ്ഥാനിലെ ആഭ്യന്തര ടി20 ലീഗായ പിഎസ്എല്‍ തുടങ്ങുന്നത്. ഐപിഎല്ലും പി എസ് എല്ലും ഒരേസമയത്തായതിനാല്‍ പല വിദേശ കളിക്കാര്‍ക്കും പിഎസ്എല്ലില്‍ കളിക്കാനാവില്ല. ഐപിഎല്ലില്‍ അവസരം ലഭിക്കാത്ത താരങ്ങൾക്ക് മാത്രമായിരിക്കും പിഎസ്എല്ലില്‍ കളിക്കാനാകുക. ഈ സാഹചര്യത്തിലാണ് ഇന്‍സമാമിന്‍റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin