പണപ്പെരുപ്പം താഴേക്ക്, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങുന്നു; ആർബിഐയുടെ തീരുമാനം ഏപ്രിലിൽ അറിയാം

പഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.61 ശതമാനത്തിലെത്തിയതോടെ പലിശ നിരക്ക് വീണ്ടും കുറയാനുള്ള വഴിയൊരുങ്ങുന്നു. ജനുവരി-ഫെബ്രുവരി വരെയുള്ള പാദത്തില്‍ (ജനുവരി-ഫെബ്രുവരി) ചില്ലറ പണപ്പെരുപ്പം ഇപ്പോള്‍ ശരാശരി 3.9 ശതമാനമാണ്. ജനുവരി-മാര്‍ച്ച് വരെയുള്ള മുഴുവന്‍ പാദത്തിലെയും പണപ്പെരുപ്പം ആര്‍ബിഐയുടെ പ്രവചനപ്രകാരമുള്ള 4.4 ശതമാനത്തേക്കാള്‍ വളരെ താഴെയായിരിക്കാനാണ് സാധ്യത. ഇതോടെ  ഏപ്രിലില്‍ നടക്കാനിരിക്കുന്ന അടുത്ത അവലോകന യോഗത്തില്‍ പലിശ നിരക്ക് റിസര്‍വ് ബാങ്ക് കുറച്ചേക്കും.അടുത്ത രണ്ട് അവലോകന യോഗങ്ങളിലായി റിപ്പോ നിരക്ക് 0.75 ശതമാനം വരെ കുറച്ചേക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരിയിലെ അവസാന യോഗത്തില്‍,  റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറച്ച് 6.25 ശതമാനമാക്കിയിരുന്നു. അടുത്ത ആര്‍ബിഐ പണനയ സമിതി യോഗം ഏപ്രില്‍ 7 നും ഏപ്രില്‍ 9 നും ഇടയില്‍ നടക്കും, പലിശ നിരക്ക് തീരുമാനം യോഗത്തിന്‍റെ അവസാന ദിവസമായ ഏപ്രില്‍ 9 ന് പ്രഖ്യാപിക്കും.

പണപ്പെരുപ്പം താഴേക്ക്
ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ കുറവുണ്ടായതോടെയാണ് പണപ്പെരുപ്പവും കുറഞ്ഞത്. ഉപഭോക്തൃ ഭക്ഷ്യ വില സൂചിക ജനുവരിയില്‍ 5.97 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 3.75 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഭക്ഷ്യ പണപ്പെരുപ്പം 10.87 ശതമാനമായിരുന്നു. മുന്‍കാലങ്ങളില്‍ ഭക്ഷ്യ പണപ്പെരുപ്പം ഉയരുന്നതിന് പ്രധാന കാരണം പച്ചക്കറി വിലയിലെ വര്‍ധനയായിരുന്നു,. ഇത് കുത്തനെ കുറഞ്ഞതാണ് പണപ്പെരുപ്പം കുറയുന്നതിന് സഹായകരമായത്. അതേ സമയം എണ്ണ, പഴങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വില  ഉയര്‍ന്ന നിലയില്‍ തുടരുക.ാണ് എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഇതുവരെ ഉഷ്ണതരംഗം കാണാത്തതിനാല്‍, കഴിഞ്ഞ വര്‍ഷത്തെ പ്രതികൂല സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നാണ് പ്രതീക്ഷ.

ഭവന, വാഹന, വ്യക്തിഗത വായ്പാ ഇഎംഐകള്‍ കുറയും

അടുത്ത അവലോകന യോഗത്തില്‍ പലിശ നിരക്ക് കുറച്ചാല്‍ ഭവന വാഹന വ്യക്തിഗത വായ്പാ പലിശ നിരക്ക് വീണ്ടും താഴും. കഴിഞ്ഞ അവലോകന യോഗത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറച്ചതോടെ വായ്പകളുടെ പലിശ നിരക്ക് ബാങ്കുകള്‍ താഴ്ത്തിയിരുന്നു.കുറയും.

By admin